വടകര ജില്ലാ ആശുപത്രിയില്‍ ആറ് പദ്ധതികള്‍ക്ക് തുടക്കം

വടകര: ജില്ലാ ആശുപത്രിയിലും അതിന്‍െറ കീഴിലുള്ള ധന്വന്തരി ഡയാലിസിസ് സെന്‍ററിലും 34 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ധന്വന്തരി ഡയാലിസിസ് സെന്‍ററില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ഡയാലിസിസ് യന്ത്രം സി.കെ. നാണു എം.എല്‍.എ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ശുദ്ധജലവിതരണ പദ്ധതി കെ.കെ. ലതിക എം.എല്‍.എയും ഉദ്ഘാടനംചെയ്തു. മൂത്താന കുഞ്ഞിരാമക്കുറുപ്പ് സംഭാവനയായി നല്‍കിയ സ്ഥലത്തുള്ള കിണറാണ് 8.25 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചത്. ഡയാലിസിസ് സെന്‍ററിലേക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് ബദല്‍ സംവിധാനത്തെപ്പറ്റി ആലോചിച്ചത്. എല്ലു ചികിത്സാ വിഭാഗത്തില്‍ ഓര്‍ത്തോ ന്യൂക്ളിയര്‍ അബ്ളേഷന്‍ സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല ഉദ്ഘാടനംചെയ്തു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ഒരു ലക്ഷത്തോളം രൂപ ഈടാക്കുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കാന്‍ കഴിയും. ഓപറേഷന്‍ തിയറ്ററില്‍ ഓട്ടോക്ളേവ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി ഉദ്ഘാടനംചെയ്തു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ സ്റ്ററിലൈസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് 12.50 ലക്ഷം ചെലവ് വന്നു. ദന്തചികിത്സാ വിഭാഗത്തില്‍ ആധുനിക ഡെന്‍റല്‍ ചെയറിന്‍െറ ഉദ്ഘാടനം ജില്ലാ പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജാണ് ഉദ്ഘാടനംചെയ്തത്. സ്വകാര്യ ഡെന്‍റല്‍ ആശുപത്രികളെ വെല്ലുന്ന ആധുനിക സംവിധാനം ഇതോടെ ജില്ലാ ആശുപത്രിയില്‍ ലഭ്യമായി. ഫിസിയോതെറപ്പി വിഭാഗത്തില്‍ ആധുനിക ലേസര്‍ മെഷീന്‍ നഗരസഭാ ചെയര്‍പേഴ്സന്‍ പി.പി. രഞ്ജിനി ടീച്ചര്‍ ഉദ്ഘാടനംചെയ്തു. നടക്കുതാഴ സര്‍വിസ് സഹകരണ ബാങ്ക് നധ്വന്തരി സെന്‍ററിന് സംഭാവനയായി നല്‍കിയ എയര്‍കണ്ടീഷണര്‍ ഡി.എം.ഒ ഡോ. പീയൂഷ് നമ്പൂതിരി ഏറ്റുവാങ്ങി. സി.വി. അശോകന്‍, ഡോ. അരവിന്ദാക്ഷന്‍, സി. ഭാസ്കരന്‍, ടി.ഐ. നാസര്‍, എടയത്ത് ശ്രീധരന്‍, പി.എം. അശോകന്‍, സോമന്‍ മുതുവന, വി. ഗോപാലന്‍, കെ.പി. ചന്ദ്രശേഖരന്‍, ടി. ബാലക്കുറുപ്പ്, ഇ. അരവിന്ദാക്ഷന്‍, ലേ സെക്രട്ടറി പി.പി. സുരേന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. ആമിന, ആര്‍.എം.ഒ ഡോ. പ്രജീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.