വിദ്യാര്‍ഥികള്‍ക്കിനി ‘സവാരി ഗിരിഗിരി’

കോഴിക്കോട്: ബസില്‍ കയറാന്‍ നേരത്ത് ഉടക്കിടുന്ന ‘കിളി’കളെ പേടിച്ച് ബസ്യാത്ര ഭീകരസ്വപ്നംപോലെ കരുതുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി മുതല്‍ ബസില്‍ കയറുന്ന വിദ്യാര്‍ഥികളെ ജീവനക്കാര്‍ തടയില്ല; ശകാരിക്കില്ല; അടുത്ത ബസില്‍ കയറിക്കോ എന്നും പറയില്ല. ബസ് യാത്രികരായ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍െറ പുതിയ പദ്ധതി ‘സവാരി ഗിരിഗിരി’ അണിയറയില്‍ ഒരുങ്ങുന്നു. കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കാനായി ബസുടമകളുമായി ചര്‍ച്ചചെയ്ത് രൂപംകൊടുത്തതാണ് പുതിയ പദ്ധതി. കണ്‍സെഷനുള്ള വിദ്യാര്‍ഥികളെ കൊണ്ടുപോകുമ്പോഴുള്ള സാമ്പത്തികപ്രശ്നം തങ്ങള്‍ക്ക് ബാധിക്കരുത് എന്നതുകൊണ്ടാണ് ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ ശകാരിക്കുന്നതും അടുത്ത ബസില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതും. പുതിയ പദ്ധതിപ്രകാരം വിദ്യാര്‍ഥികളെ കയറ്റുന്നതുകൊണ്ടുണ്ടാകുന്ന സാമ്പത്തികഭാരം എല്ലാ ബസുടമകളും കൂട്ടായി പങ്കുവെക്കും. വിദ്യാര്‍ഥികളെ കയറ്റുന്നതുകൊണ്ടുള്ള സാമ്പത്തികഭാരം സ്വയം വഹിക്കണമെന്നുള്ള പേടി ബസ് ജീവനക്കാര്‍ക്കുണ്ടാകില്ല. ഇതോടെ വിദ്യാര്‍ഥികളെ ബസുകാര്‍ കയറ്റാത്ത പ്രശ്നമോ സ്റ്റോപ്പില്‍ നിര്‍ത്താത്ത പ്രശ്നമോ ഉണ്ടാകില്ല. വിദ്യാര്‍ഥികളുടെ യാത്ര സുഖകരമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. ‘വരവേല്‍പ്പ് ’ എന്ന വിപുലമായ പദ്ധതിയുടെ ചെറിയ പതിപ്പാണ് സവാരി ഗിരിഗിരി. നിലവില്‍ ബസുടമകള്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഒരു യോഗംകൂടി ചേര്‍ന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബസുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍പോലെ റീചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓരോ വിദ്യാര്‍ഥിക്കും ടിക്കറ്റ് മെഷീനില്‍ സൈ്വപ് ചെയ്യാവുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുകയാണെങ്കില്‍ എത്ര വിദ്യാര്‍ഥികള്‍ എവിടെനിന്ന് എവിടേക്കെല്ലാം കയറുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇത് സാമ്പത്തിക ഉത്തരവാദിത്തം പങ്കുവെക്കുന്നതില്‍ ഉടമകളെ സഹായിക്കുമെന്നും ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.