കൊതുകുശല്യത്താല്‍ മടുത്തു

വടകര: നഗരസഭയില്‍ മിക്കയിടങ്ങളിലും മാലിന്യം നിറഞ്ഞു. കൊതുകില്‍നിന്നും മാലിന്യത്തില്‍നിന്നും രക്ഷതേടി ജനം മുട്ടാത്ത വാതിലുകളില്ല. ദേശീയപാത കാര്യാലയത്തിലെ ടാര്‍ വീപ്പകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി. ഇതിനെതിരെ റെസിഡന്‍റ്സ് അസോസിയേഷനുകളും മറ്റും പരാതിനല്‍കിയെങ്കിലും നടപടിയില്ല. 50ഓളം ടാര്‍വീപ്പകളാണ് ദേശീയപാതയോരത്തുള്ള ഓഫിസില്‍ മഴവെള്ളം നിറഞ്ഞുകിടക്കുന്നത്. രാപ്പകലെന്നില്ലാതെ കൊതുകുശല്യത്താല്‍ ബുദ്ധിമുട്ടുകയാണ് ജനം. തുറന്നിട്ട ഓവുചാലുകള്‍ ദുരിതം വര്‍ധിപ്പിക്കുന്നു. സദാസമയം അഴുക്കുവെള്ളം ഒഴുകുന്ന ഓവുചാലുകളില്‍ കക്കൂസ് മാലിന്യം വരെ തള്ളിവിടുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. വടകര പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് തുറന്നിട്ട ഓവുചാലുകള്‍ ഉള്ളത്. ദുര്‍ഗന്ധം അസഹ്യമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരത്തിലെ ലോഡ്ജുകളില്‍ താമസിക്കുന്നവരും പ്രയാസം അനുഭവിക്കുന്നു. ഉറവിട മാലിന്യ നിര്‍മാജനത്തിന്‍െറ പേരുപറഞ്ഞ് നഗരസഭ ശുചീകരണത്തില്‍നിന്ന് പിന്മാറിയതോടെ മാലിന്യമില്ലാത്ത വഴികളില്ല. മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി നടത്തിയ പ്രവൃത്തിക്കിടെ ആറുലോഡ് മാലിന്യമാണ് നീക്കിയത്. ലോഡ് കണക്കിന് മാലിന്യമാണ് ടൗണിന്‍െറ പലഭാഗത്തായി കിടക്കുന്നത്. ബസ്സ്റ്റാന്‍ഡുകളുടെ പിന്നില്‍ മലിനജലം കെട്ടിക്കിടക്കുന്നു. കൊതുകിനെ തുരത്താന്‍ ഫോഗിങ് ഉള്‍പ്പെടെ ചെയ്യേണ്ടതാണെങ്കിലും വടകര നഗരസഭക്ക് ഇക്കാര്യം അറിയില്ല. മരുന്നുതളിക്കുന്നുണ്ടെന്നാണ് നഗരസഭയുടെ അവകാശവാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.