അവഗണനക്കെതിരെ യാത്രക്കാര്‍ രംഗത്ത്

ഫറോക്ക്: ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ എയര്‍പോര്‍ട്ട് സ്റ്റേഷനാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതിനും മാവേലി, ഇന്‍റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കാത്തതിനുമെതിരെ ഫറോക്ക് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ശക്തമായി രംഗത്ത്. ഭാവിപരിപാടികള്‍ ആലോചിക്കുന്നതിന് ഞായറാഴ്ച വൈകുന്നേരം മൂന്നിന് പുത്തലത്ത് കോംപ്ളക്സില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഫാറൂഖ് കോളജ്, ബേപ്പൂര്‍ പോര്‍ട്ട്, കാലിക്കറ്റ് എയര്‍പോര്‍ട്ട്, കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്, പക്ഷിസങ്കേതം, ചാലിയം വനം ഡിപ്പോ, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓടുവ്യവസായങ്ങള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഹജ്ജ് തീര്‍ഥാടന കാലത്ത് നൂറുകണക്കിന് ഹാജിമാര്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ ആശ്രയിക്കുന്നതും ഈ സ്റ്റേഷ നെയാണ്. എന്നാല്‍, വര്‍ഷങ്ങളായുള്ള ഈ സ്റ്റേഷനെ എയര്‍പോര്‍ട്ട് സ്റ്റേഷനാക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ് നില്‍കുകയാണ് അധികൃതര്‍. ഫറോക്കില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണവും സൗകര്യവും മുന്‍നിര്‍ത്തി എറണാകുളത്തേക്കും പാലക്കാട്ടേക്കുമുള്ള ഇന്‍റര്‍സിറ്റി, തിരുവനന്തപുരത്തേക്കുള്ള മാവേലി എന്നീ എക്സ്പ്രസുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായാണ് അംഗങ്ങളുടെയും തീവണ്ടി യാത്രക്കാരുടെയും കണ്‍വെന്‍ഷന്‍ നട ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.