ഇന്ന്​ കർക്കടകം ഒന്ന്​

കോട്ടയം: ഇന്ന് കര്‍ക്കടകം ഒന്ന്. ഹൈന്ദവസമൂഹത്തെ സംബന്ധിച്ച് ഇത് പുണ്യമാസം. ഈമാസത്തെ ഏറെ ശ്രദ്ധയോടെ ആചരിക്കു ന്നതും മലയാളികള്‍ മാത്രം. ഇനി ഒരുമാസം ഹൈന്ദവ വിശ്വാസികളുടെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ ഉയരും. രാമായണ മാസാചരണമായി വിവിധ സംഘടനകളും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മലയാള കലണ്ടർ പ്രകാരം പുതുവർഷമായ ചിങ്ങത്തെ വരവേൽക്കുന്നതിന് മുന്നോടിയായി ആത്മീയവും ഭൗതികവുമായ ഉണർവ് തേടുന്ന മാസമായാണ് കർക്കടകത്തെ കാണുന്നത്. ഇക്കുറി കാലാവസ്ഥാപരമായ പ്രത്യേകതയും ആചാരത്തിന് പിന്നിലുണ്ട്. മുൻകാലങ്ങളിൽ ഇടമുറിയാതെ മഴപെയ്യുന്ന കര്‍ക്കടകം പൊതുവേ ആധ്യാത്മിക ചിന്തക്ക് ശക്തി വർധിപ്പിക്കുന്ന കാലഘട്ടമായിരുന്നു. എന്നാൽ, മഴ മാറിനില്‍ക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കര്‍ക്കടകത്തെ രാമായണ മാസമായി ആചരിക്കുന്നതിനു പിന്നില്‍ ഭക്തിക്കൊപ്പം നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നു. എന്നാൽ, പുതുതലമുറക്ക് ഇത് അനുഷ്ഠാനം മാത്രവും. കര്‍ക്കടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി മാസം അവസാനിക്കുമ്പോഴേക്കും വായനയും തീര്‍ക്കണമെന്നാണ് സങ്കല്‍പം. ഇതിലൂടെ എല്ലാ ദോഷങ്ങളും ഇല്ലാതാകുമെന്നും വിശ്വാസം. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കുകൊളുത്തി, കിണ്ടിയില്‍ വെള്ളവും തുളസിക്കതിരും താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വെക്കുന്നു. വൈകുട്ടോടെയെ ഇത് എടുത്തുമാറ്റൂ. കര്‍ക്കടകത്തിലെ എല്ലാ ദിവസവും ഇത് തുടരുകയും രാമായണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു. കര്‍ക്കടകം പഞ്ഞമാസം എന്ന പോലെ രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും മാസവുമാണ്. കടുത്തചൂടിൽനിന്ന് പെട്ടെന്ന് മഴക്കാലത്തേക്കു കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ദേഹത്തിന് കഴിയാതെപോകുന്നു. ഇത് ശരീരത്തിൻെറ രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കും. ശക്തികുറഞ്ഞ ശരീരം അതിന് അടിപ്പെടും. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകും- ഈ അവസ്ഥയിലാണ് സുഖചികിത്സ പ്രസക്തമാവുന്നത്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹശുദ്ധി വരുത്തുന്നതും പതിവാണ്. കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍വേദത്തിൻെറ ശാന്തിമന്ത്രം. അതിനാൽ ഇക്കാലത്ത് ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ നടത്തുന്നവരും നിരവധിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.