മുട്ടം സ്​പൈസസ്​ ​പാർക്കിന്​ ചിറക്​ മുളക്കുന്നു

തൊടുപുഴ: മുട്ടം വ്യവസായ പാർക്കിൽ വിഭാവനം ചെയ്ത സ്‌പൈസസ് പാർക്ക് യാഥാർഥ്യമാകുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാ ർ അനുമതി ലഭിച്ചതോടെയാണ് ഏറെ നാളത്തെ കർഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നത്. ഏലം, ചുക്ക്, കുരുമുളക്, കാപ്പി, ജാതിക്ക, അടക്ക, കൊക്കോ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ കർഷകരിൽനിന്ന് സംഭരിക്കുകയും സംഭരിച്ച കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യാനും വ്യാവസായികാടിസ്ഥാനത്തിൽ സംസ്‌കരണം നടത്താനും വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരഭമെന്ന നിലയിൽ മുട്ടത്ത് സ്‌പൈസസ് പാർക്ക് പദ്ധതി വിഭാവനം ചെയ്തത്. കിൻഫ്രയുടെ കീഴിലാണ് പാർക്കിൻെറ പ്രവർത്തനം. 2007ൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് പദ്ധതിക്കായി 27 കോടി അനുവദിച്ചിരുന്നു. തുടങ്ങനാട്ടിൽ ഇതിനായി 90 ഏക്കർ ഭൂമി കണ്ടെത്തി. പദ്ധതിക്ക് വേണ്ടി തുടങ്ങനാട് വ്യവസായ എസ്റ്റേറ്റിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാൻ സർക്കാർതലത്തിൽ നടപടി പൂർത്തീകരിച്ചു. എന്നാൽ, സർക്കാർ നിശ്ചയിച്ച തുകക്ക് സ്ഥലം വിട്ടുനൽകിയാൽ തങ്ങൾക്ക് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന കാരണത്താൽ സ്ഥലം ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ സ്‌പൈസസ് പാർക്കിൻെറ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു. എന്നാൽ, പിന്നീട് ഇരുപത്തിയെട്ടോളം സ്ഥല ഉടമകൾ സ്ഥലം വിട്ടുനൽകാൻ തയാറായി രംഗത്തുവന്നു. സ്ഥലം അളന്ന് കൈമാറ്റം ചെയ്യാനുള്ള അവസാനവട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ തുടങ്ങനാട് പ്രദേശത്തിൻെറ വികസനക്കുതിപ്പിന് സാധ്യത ഏറും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രേദശവാസികൾ ഉൾപ്പടെയുള്ളവർക്ക് തൊഴിലവസരങ്ങൾ കൈവരും. പാർക്കിൽ ജലം, വൈദ്യുതി, റോഡ്, മാലിന്യ സംസ്കരണ പ്ലാൻറ്, വെയർഹൗസ്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പദ്ധതിക്കായി കുറച്ചുകൂടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗതിയിലാണ്. പത്ത് ഏക്കർ സ്ഥലം സുഗന്ധവ്യഞ്ജന ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുകിട ഇടത്തരം യൂനിറ്റുകൾക്കായി നൽകും. സൈബർ സൻെറർ, സംഭരണശാല കഫറ്റീരിയ കോൺഫറൻസ് ഹാൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. 19.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 5.67 കോടി കേന്ദ്ര വിഹിതമായും ബാക്കി 14. 21 കോടി സംസ്ഥാന വിഹിതമായും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.