തിരുവല്ല-കല്ലുങ്കൽ സർവിസ് പുനരാരംഭിക്കണമെന്ന്​

തിരുവല്ല: ഗ്രാമീണമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ തിരുവല്ല-കല്ലുങ്കൽ ബസ് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകളായി ഈ മേഖലയിലേക്ക് നടത്തിയിരുന്ന ബസ് സർവിസ് മൂന്നുമാസമായി നിലച്ചതോടെ വിദ്യാർഥികളും നാട്ടുകാരും ഏറെ ദുരിതത്തിലാണ്. മുമ്പ് ദിവസേന എട്ട് ട്രിപ് വരെ നടത്തിയിരുന്നു. പിന്നീട് രാവിലെയും വൈകീട്ടുമായി രണ്ടു സർവിസ് മാത്രമായി ചുരുക്കി. എങ്കിലും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിപ്പോൾ അതുംകൂടി നിർത്തലാക്കി കെ.എസ്.ആർ.ടി.സി പ്രദേശവാസികളെ വെല്ലുവിളിച്ചിരിക്കുകയാണ്. തിരുവല്ല നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി മണിമലയാറിൻെറ തീരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കല്ലുങ്കൽ, വെൺപാല പ്രദേശങ്ങളിലേക്ക് മറ്റു യാത്രാ സൗകര്യങ്ങളൊന്നും നിലവിലില്ല. മുമ്പ് ഇതുവഴി സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസ് സർവിസും നിലച്ചു. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി ബസ് സർവിസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.