പരിസ്ഥിതിക്ക് പ്രാധാന്യം നൽകി എം.ജിയിൽ ബി.ആർക് സിലബസ് പരിഷ്‌കരിച്ചു

കോട്ടയം: ഹരിത നിർമാണ രീതികൾക്കും പാരിസ്ഥിതികാവബോധത്തിനും പ്രാധാന്യം നൽകി വിദ്യാർഥി കേന്ദ്രീകൃതമായി ബാച്ചിലർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമിൻെറ സിലബസും പാഠ്യപദ്ധതിയും പുതുക്കിയതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. ഈ അധ്യയനവർഷം പുതിയ സിലബസ് നിലവിൽവരും. വിദേശ സർവകലാശാലകളിൽ വിദ്യാർഥി കൈമാറ്റത്തിലൂടെ ബി.ആർക്കിൻെറ സെമസ്റ്റർ ചെയ്യാനാവുംവിധം ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം പുതിയ സിലബസ് അനുവദിക്കുന്നു. കോഴ്‌സ് തുല്യതയിലൂടെയാണ് ഇത് സാധ്യമാക്കുക. വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ നിശ്ചിത സെമസ്റ്റർ പൂർത്തീകരിക്കാം. ബി.ആർക് കോഴ്‌സിന് 10 സെമസ്റ്ററുകളിലായി മൊത്തം 300 ക്രെഡിറ്റാണുള്ളത്. ഒരു സെമസ്റ്ററിൽ 30 ക്രെഡിറ്റാണുള്ളത്. നാല് ഘട്ടങ്ങളായാണ് തീസിസ് പൂർത്തീകരിക്കേണ്ടത്. കണ്ടിന്യുവസ് അസസ്‌മൻെറിന് 300 മാർക്കും ജൂറിക്ക് 300 മാർക്കുമാണ്. മൊത്തം മാർക്കിൻെറ 40 ശതമാനം നേടിയാലേ തീസിസിൻെറ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂ. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കള്ള ചോദ്യബാങ്ക് സംവിധാനവും ഓൺലൈൻ ചോദ്യപേപ്പർ സംവിധാനവും ബി.ആർകിനും നടപ്പാക്കും. ആറുവർഷം മുമ്പാണ് ബി.ആർക് സിലബസ് പരിഷ്‌കരിച്ചത്. കോഴ്സ് സമയബന്ധിതമായി തീർക്കാൻ പരീക്ഷ-അക്കാദമിക കലണ്ടറും തയാറാക്കി. പുതുക്കിയ സിലബസ് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചിരുന്നു. അധ്യാപകർക്ക് ഒന്നാംഘട്ട പരിശീലനവും നൽകി. സിൻഡിക്കേറ്റ് പരീക്ഷ സമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. പദ്മകുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, പരീക്ഷ കൺട്രോളർ പ്രഫ. ബി. പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു. മംഗളം സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ കെ. നാരായണൻ, ഹോളി ക്രസൻറ് കോളജ് ഓഫ് ആർക്കിടെക്ചറിലെ ഡോ. പ്രദീക് സുധാകരൻ, ആസാദി ആർക്കിടെക്ചർ സ്‌കൂളിലെ ഡോ. ബി.ആർ. അജിത് എന്നിവരടങ്ങുന്ന സമിതിയാണ് സിലബസ്-കരിക്കുലം പുതുക്കലിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.