മാവടിയിൽ നാല്​ കിലോമീറ്ററിൽ ഇടിഞ്ഞു താഴ്​ന്നത്​ 60 ഏക്കറോളം ഭൂമി

നെടുങ്കണ്ടം: മാവടി മേഖലയുടെ നാല് കി.മീ. ചുറ്റളവിൽ മാത്രം 60 ഏക്കറോളം ഭൂമി ഇടിഞ്ഞുതാഴുകയോ വിണ്ടുകീറുകയോ ചെയ്തതായി കണ്ടെത്തി. ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകാത്ത സ്ഥലങ്ങളിലും ഭൂമി വിണ്ടുകീറിയിട്ടുണ്ട്്. ആദ്യം മുറ്റത്തും പറമ്പിലും റോഡിലും മറ്റും നേർത്ത വരപോലെ പാടുകൾ ഉണ്ടാകുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഗർത്തം രൂപപ്പെടുകയുമായിരുന്നു. ഭൂമി വിണ്ടുകീറുകയും വീടുകളും കിണറുകളും ഇടിഞ്ഞു താഴുകയും ചെയ്ത ഭീകര പ്രതിഭാസത്തിൽ നടുങ്ങി നിൽക്കുകയാണ് ഉടുമ്പൻചോല താലൂക്കിലെ മാവടി. വിണ്ടുകീറിയും ഇടിഞ്ഞുവീണും മേഖലയിൽ പൂർണമായി തകർന്നത് 50ഒാളം വീടുകളാണ്. 30ലേറെ വീടുകൾ ഭാഗികമായും തകർന്നു. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളൽ വീണ് അപകടകരമായ അവസ്ഥയിലുണ്ട്. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും നിരവധി കർഷകരുടെ കൃഷി സ്ഥലങ്ങളും നശിച്ചു. കാഞ്ഞിരവയലിൽ സുരയുടെ രണ്ടേക്കറും ആലപ്പാട്ട് കുന്നേൽ ജോസി​െൻറ മൂന്നേക്കറും മൂക്കിലക്കാട്ട് കുര്യൻ മാത്യുവി​െൻറ രണ്ടേക്കർ കൃഷിഭൂമിയും കല്ലുപുരക്കൽ മോഹന​െൻറ ഒരേക്കർ ഭൂമിയും ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു. മാവടി കുഴിക്കൊമ്പ് മുതൽ കാമാക്ഷിവിലാസംവരെ ഭാഗങ്ങൾ വ്യാപകമായി വിണ്ടുകീറി. പല സ്ഥലങ്ങളിലും പുതിയ നീരുറവകൾ രൂപപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പകൽപോലും മാവടി മേഖലയിലെത്താൻ ആളുകൾ ഭയപ്പെടുകയാണ്. വിമലഗിരി, പൊന്നാമല, 40 ഏക്കർ, ഇന്ദിരനഗർ കാലാക്കാട് എന്നിവിടങ്ങളിലാണ് ഭൂമി നിരങ്ങിനീങ്ങിയത്. കുഴിക്കൊമ്പിൽ റോഡ് തോടുപോലെ പിളർന്ന് മാറിയ അവസ്ഥയാണ്. മാവടി പള്ളിസിറ്റി, കാലാക്കാട്, ഒന്നാം നമ്പർ തുടങ്ങിയിടങ്ങളിലെ വിള്ളൽ ഏറെ ഭയാനകമാണ്. കറ്റ്യാമല എ.കെ. രാഘവ​െൻറ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ 400 മീറ്റർ നീളത്തിലാണ് ഭൂമി വിണ്ടുകീറിയത്. നിരവധി പഞ്ചായത്ത് റോഡുകളും വിണ്ടുകീറി. നാട്ടുകാരുടെ നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് കല്ലും മണ്ണും വിടവുകളിൽ നിറച്ച് ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഭൂമി വീണ്ടുകീറിയതിനെ തുടർന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച മാവടി തേനംമാക്കൽ ഫിലിപ്പി​െൻറ വീട് തകർന്ന് അപകടാവസ്ഥയിലായി. പനക്കൽ ഉല്ലാസ്, എമ്മാനുവേൽ, േഗ്രസി, തകടിയിൽ തങ്കച്ചൻ തുടങ്ങിയവരുടെ വീടുകൾ തകർന്നവയിൽ ചിലത് മാത്രം. വീട് തകർന്നവർ അടുത്ത വീടുകളിലും ബന്ധുവീടുകളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മാവടി മേഖലയിൽ ഭൂമി താഴ്ന്നതിനെത്തുടർന്ന് നിരവധി വീടുകൾ തകർന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് തലവൻ ഡോ. അഞ്ജ അജയ്യുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി. വിദഗ്ധ സംഘം അടുത്ത ദിവസമെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.