നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിന് ചിന്നാർ വന്യജീവി സ​േങ്കതം; അനുമതിയായി

മൂന്നാര്‍: നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിന് ചിന്നാര്‍ വന്യജീവി സങ്കേതം ഒരുങ്ങുന്നു. രണ്ടുവര്‍ഷം നീളുന്ന പഠന രൂപരേഖ ജൈവവൈവിദ്യവിഭാഗം അംഗീകരിച്ചതോടെയാണ് ഇത്തരമൊരു പഠനത്തിന് വഴിതെളിഞ്ഞത്. നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ളത്. ഇവയുടെ സ്വഭാവസവിശേഷതകള്‍, ആവാസവ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥ വ്യതിയാനത്തോടുള്ള അവയുടെ പ്രതികരണങ്ങള്‍, കണക്കെടുപ്പ്, വളര്‍ച്ച തോത്, പ്രജനന സ്വഭാവങ്ങളുടെ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ അനധികൃതമായി ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയിൽപെട്ടാൽ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ​െൻറ നിർദേശപ്രകാരമോ അവയെ ചിന്നാറില്‍ എത്തിക്കാറാണ് പതിവ്. നാലുവര്‍ഷമായി ഇത്തരത്തില്‍ ലഭിച്ച നക്ഷത്ര ആമകളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. വിദേശരാജ്യങ്ങളിലെ വീടുകളില്‍ അലങ്കാര ആമകളായി കാണപ്പെട്ടവയെപോലും ചിന്നാറില്‍ എത്തിച്ചിട്ടുണ്ട്. 2015 ആഗസ്റ്റിൽ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ 200 നക്ഷത്ര ആമകളില്‍ ഒന്ന് ഒഴികെ 199 എണ്ണവും ചിന്നാറിലാണുള്ളത്. 2014-15 കാലഘട്ടത്തില്‍ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ നടത്തിയ പഠനത്തിലൂടെയും തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയുമാണ് പുനരധിവാസ പ്രക്രിയ നടപ്പായത്. കള്ളിച്ചെടി വര്‍ഗത്തിൽപെടുന്ന പ്രേത്യക ഇനം ഇലവർഗങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ചെറിയ കായ്കളും ഫലങ്ങളും അകത്താക്കുന്നതോടൊപ്പം കാട്ടില്‍ കാണുന്ന ഒച്ചുകളുടെ പുന്തോടുകളും ഇവ ആഹാരമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആമകളെ പുനരധിവസിപ്പിക്കുന്നതിനുമുമ്പ് ഓരോ ആമക്കും ഓരോ തിരിച്ചറിയല്‍ രേഖ അഥവ മാര്‍ക്കിങ് നല്‍കും. കാട്ടില്‍വെച്ച് തിരിച്ചറിയത്തക്കവിധം നമ്പറും ഇടും. വന്യജീവി സംരക്ഷണനിയമം മൂലം പലയിടങ്ങളിലും ഇവയുടെ വിപണനം നിരോധിച്ചതിനാൽ തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന നക്ഷത്ര ആമകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംബന്ധിച്ച ശാസ്ത്രീയ പഠനം വളരെ പ്രസക്തിയുള്ളതാണെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു. ചിന്നാര്‍ വന്യജീവിസങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു, മൂന്നാര്‍ വന്യജീവിസങ്കേതം ബയോളജിസ്റ്റ് ഡോ.പി. രാജന്‍, ഇരവികുളം വൈല്‍ഡ് ലൈഫ് അസി. സലീഷ് എന്നിവരാണ് ജൂൺ 15ന് ആരംഭിക്കുന്ന പഠനത്തിന് നേതൃത്വം നല്‍കുക. നക്ഷത്ര ആമകളെ പരിചരിച്ച് വൈദഗ്ധ്യമുള്ള ആദിവാസി ഇ.ഡി.സി വാച്ചര്‍മാരും പഠനത്തില്‍ പങ്കാളികളാകും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജി പി. മാത്തച്ചന്‍ എന്നിവര്‍ ശാസ്ത്രീയ പഠനം നിരീക്ഷിക്കും. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.