തൊടുപുഴ: ഒരുകാലത്ത് മുന്നിലെത്തുന്നവരോട് 'സ്ൈമൽ പ്ലീസ്' എന്നുപറഞ്ഞ് സുന്ദരചിത്രങ്ങളെടുത്തിരുന്ന ഷാഹുൽ ഹമീദിന് ഇന്ന് ജീവിതത്തെ നോക്കി ചിരിക്കാനാകുന്നില്ല. ഇടുക്കിയുടെ ജീവസ്സുറ്റ ദൃശ്യങ്ങളിലേക്ക് കാമറ തിരിച്ച ഷാഹുലിെൻറ ജീവിതത്തിലിന്ന് കറുത്ത ഫ്രെയിമുകൾ മാത്രം. തനിക്കും കുടുംബത്തിനും അന്നമേകിയ തൊഴിൽ ചെയ്യാനാകാതെ കണ്ണിനെ ബാധിച്ച ഇരുളിനെ എങ്ങനെ അതിജീവിക്കുമെന്നറിയാതെ ഉഴലുകയാണ് ഒരുകാലത്ത് ഇടുക്കിയുടെ പിന്നാമ്പുറക്കാഴ്ചകൾ പുറംലോകത്തിന് പരിചയപ്പെടുത്തിയ ഇൗ ഫോേട്ടാഗ്രാഫർ. 30 വർഷത്തോളം സ്റ്റിൽ ഫോേട്ടാഗ്രഫി രംഗത്ത് പ്രവർത്തിച്ച മുതലക്കോടം കുപ്പശേരിൽ ഷാഹുൽ ഹമീദ് ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചതിനെ തുടർന്നാണ് ഇൗ രംഗത്തുനിന്ന് പിന്മാറിയത്. സ്റ്റുഡിയോയിലെ ജോലിക്ക് പുറെമ പത്രപ്രവർത്തകർക്കായി ചിത്രമെടുക്കുന്നതും ഇദ്ദേഹത്തിന് ആവേശമായിരുന്നു. 1980കളിൽ ഇടമലക്കുടിയിൽ അതിസാരം പടർന്ന് ആദിവാസികൾ കൂട്ടത്തോടെ മരിച്ചതിെൻറ ദാരുണചിത്രങ്ങളെടുത്തത് ഷാഹുൽ ഹമീദായിരുന്നു. 18 കിലോമീറ്റർ കാട്ടിലൂടെ നടന്നെത്തി എടുത്ത ചിത്രങ്ങളാണ് അക്കാലത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇടുക്കി വനമേഖലയിലെ ആനവേട്ടയെക്കുറിച്ചുള്ള അന്വേഷണത്തിന് പിൻബലമേകിയതിലും ഷാഹുൽ ഹമീദിെൻറ ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. രോഗം ബാധിച്ചതോടെ കാഴ്ച മങ്ങി. പ്രകാശത്തിന് നേരെ കണ്ണുതുറക്കാൻ കഴിയാതെ വന്നു. ഇതോടെ കാമറ താഴെവെച്ചു. മറ്റ് ചില ജോലികൾ ചെയ്തുനോക്കിയെങ്കിലും അസുഖം കൂടിയതോടെ നിർത്തി. വർഷങ്ങളോളം നടത്തിയ നിരന്തര ചികിത്സ ഷാഹുലിെൻറ ജീവിതത്തെ താളംതെറ്റിച്ചു. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ പ്രാണനായി കരുതിയിരുന്ന കാമറയും വിറ്റു. സ്വന്തമായി കിടപ്പാടം പോലുമില്ലാതായ ഷാഹുലിന് ഭാര്യയും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുമുണ്ട്. ഇപ്പോൾ ഡയബറ്റിക് ന്യൂറോപതിയും ബാധിച്ചതോടെ ശരീരവും ദുർബലമായി. കാഴ്ച 90 ശതമാനവും നഷ്ടപ്പെട്ടതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് പലപ്പോഴും സുമനസ്സുകളുടെ സഹായത്തോടെയാണ്. അതിനിടെ ഭാര്യയും പ്രമേഹരോഗിയായി. കുട്ടിയുടെ വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുന്നു. ചികിത്സക്കും ദൈനംദിന കാര്യങ്ങൾക്കും ബുദ്ധിമുട്ടുന്ന ഷാഹുൽ ഉദാരമതികളിൽനിന്ന് സഹായം പ്രതീക്ഷിക്കുകയാണ്. ഇദ്ദേഹത്തിെൻറ പേരിൽ തൊടുപുഴ ബറോഡ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 25120100005783. IFSC:BARBOTHODUP. വിലാസം: കെ.എം. ഷാഹുൽ ഹമീദ്, കുപ്പശേരിയിൽ, മുതലക്കോടം പി.ഒ, തൊടുപുഴ. ഫോൺ: 9497211620.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.