സ്ഥലംമാറ്റം കിട്ടിയ മൃഗാശുപത്രി ജീവനക്കാരി ഡാമിൽ ചാടി; നാട്ടുകാർ രക്ഷപ്പെടുത്തി

കാഞ്ഞാർ (ഇടുക്കി): സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതി​െൻറ മനോവിഷമത്തിൽ പാലത്തിൽനിന്ന് മലങ്കര ജലാശയത്തിലേക്ക് ചാടി മൃഗാശുപത്രി ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. കുടയത്തൂർ മൃഗാശുപത്രിയിലെ ജീവനക്കാരിയായ ഇവർക്ക് കഴിഞ്ഞ ദിവസം അടിമാലിയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഉത്തരവ് കിട്ടിയ ശേഷം ഇവർ മാനസിക സമ്മർദത്തിലായിരുന്നതായി പറയപ്പെടുന്നു. ഇവർക്ക് പകരം കുടയത്തൂരിലേക്ക് നിയമനം കിട്ടിയ ജീവനക്കാരിയെ വിളിച്ച് ഇവിടെ ജോയിൻ ചെയ്യരുതെന്ന് അഭ്യർഥിച്ചെങ്കിലും താൻ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി തൊടുപുഴയിലെത്തിയെന്നും മടങ്ങിപ്പോകാനാകില്ലെന്നും അവർ വ്യക്തമാക്കി. കുടയത്തൂരിൽ പുതിയ ആൾ ചുമതലയേൽക്കാൻ വന്നപ്പോഴും ഇവർ ഇതേ ആവശ്യമുന്നയിച്ചെത്തി. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ ഉത്തരവനുരിച്ച് പുതിയ ആളെ ജോലിയിൽ പ്രവേശിപ്പിക്കാനാണ് ഡോക്ടർക്ക് നിർദേശം ലഭിച്ചത്. തുടർന്ന് ഇവിടെ നിന്ന് ഇറങ്ങിയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. കുടയത്തൂർ പാലത്തിലൂടെ നടന്നുവന്ന ഇവർ മധ്യഭാഗത്ത് എത്തിയപ്പോൾ ചെരിപ്പ് പാലത്തിൽ അഴിച്ചുവെച്ച ശേഷം ജലാശയത്തിലേക്ക് ചാടുകയായിരുന്നു. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ഇതുകണ്ട് ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പൊലീസും മൂലമറ്റം അഗ്നിരക്ഷ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. ഭരണകക്ഷി സർവിസ് സംഘടന നേതാക്കൾ ഇടപെട്ട് ഇവരെ അന്യായമായി സ്ഥലം മാറ്റുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.