മാരക മൈക്രോ പ്ലാസ്റ്റിക് മത്സ്യം വഴി മനുഷ്യരിലെത്തുന്നു -ഡോ. അജി പീറ്റർ തേക്കടി: പ്ലാസ്റ്റിക് മാലിന്യം മൂലം കടലിലെ മത്സ്യസമ്പത്ത് അപകടകരമായി കുറയുകയാണെന്ന് ലണ്ടൻ ബ്രൂണൽ യൂനിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. അജി പീറ്റർ. ദിവസേന കടലിലെത്തുന്നത് 800 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ഈ പ്ലാസ്റ്റിക് വിഘടിച്ച് മൈേക്രാ പ്ലാസ്റ്റിക് രൂപപ്പെടും. മത്സ്യം ഉൾപ്പെടെ ഇത് തിന്നും. കടൽജീവികൾ ഇല്ലാതാകുന്നത് ഇതുമൂലമാണ്. മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും മൈേക്രാ പ്ലാസ്റ്റിക് എത്തുന്നു. 24 ഡിഗ്രി സെൻറി ഗ്രേഡിൽ കൂടിയ ചൂടിൽ പ്ലാസ്റ്റിക്കിൽനിന്ന് താലേറ്റ് ഉൾപ്പെടെ രാസവസ്തുക്കൾ പ്രസരിക്കും. ഇത് പലതരം അർബുദബാധയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂടുള്ള സാധനങ്ങൾ പ്ലാസ്റ്റിക്കിൽ എടുക്കുകയോ പ്ലാസ്റ്റിക് കത്തിക്കുകയോ ചെയ്യരുത്. റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന നിർദേശം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ചൂടാകുമ്പോൾ മാരകമായ വാതകങ്ങൾ അതിൽനിന്ന് പുറന്തള്ളപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, പെരിയാർ ടൈഗർ റിസർവുമായി ചേർന്ന് തേക്കടിയിൽ നടത്തിയ ദ്വിദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കോട്ടയം സ്വദേശിയായ ഈ ശാസ്ത്രജ്ഞൻ. പ്ലാസ്റ്റിക് ഓഷ്യൻ എന്ന അന്താരാഷ്ട്ര ഡോക്യുമെൻററിയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. ശിൽപശാല ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡൻറ് ആൻസി ജയിംസ് അധ്യക്ഷത വഹിച്ചു. ഡോ. ജോണിക്കുട്ടി ജെ. ഒഴുകയിൽ, ഡോ. ഷാജു തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ.ബി. സുഭാഷ്, ജോജി ജോർജ് എന്നിവർ സംസാരിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ല കോഒാഡിനേറ്റർ എൻ. രവീന്ദ്രൻ, തേക്കടി വൈൽഡ് ലൈഫ് അസിസ്റ്റൻറ് പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.