എം.ജിയിൽ കോളജ് പ്രവേശനം: മെറിറ്റും സാമൂഹികനീതിയും ഉറപ്പാക്കും -വി.സി കോട്ടയം: കോളജുകളിലെ വിദ്യാർഥി പ്രവേശനത്തിൽ മെറിറ്റും സാമൂഹികനീതിയും ഉറപ്പുവരുത്താനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. 2018-19 അധ്യയനവർഷത്തിലെ പ്രവേശന നടപടികളുടെ ഭാഗമായി, കോളജ് പ്രിൻസിപ്പൽമാർ, പ്രവേശന ചുമതലയുള്ള അധ്യാപകർ, ജീവനക്കാർ എന്നിവർക്കായി സർവകലാശാലയിൽ നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജ്മെൻറ് സീറ്റുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ആശാസ്യമല്ലാത്ത പ്രവണതകൾ നിലനിൽക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിദ്യാർഥി പ്രവേശനത്തിൽ സുതാര്യതയും മൂല്യങ്ങളും പാലിക്കാൻ കോളജ് മാനേജ്മെൻറും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. ഹയർ ഓപ്ഷൻ വഴി മറ്റു കോളജുകളിൽ പ്രവേശനം ലഭിച്ചുപോകുന്ന വിദ്യാർഥികൾക്ക് അപേക്ഷിച്ചാലുടൻ വിടുതൽ സർട്ടിഫിക്കറ്റ് നൽകുകയും അങ്ങനെയുള്ളവർക്ക് അടച്ച ഫീസ് പൂർണമായും തിരികെ നൽകുകയും ചെയ്യണമെന്ന് കോളജ് അധികൃതർക്ക് നിർദേശം നൽകി. സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രഫ. വി.എസ്. പ്രവീൺകുമാർ, ജോ. രജിസ്ട്രാർ കെ. കോമളവല്ലി, ഡെപ്യൂട്ടി രജിസ്ട്രാർ കെ. സുനിൽബാബു എന്നിവർ സംസാരിച്ചു. കെ.സി. അനീഷ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. സർവകലാശാലയിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽനിന്ന് അഞ്ഞൂറോളം അധ്യാപക-അനധ്യാപക ജീവനക്കാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.