കേന്ദ്രത്തി​െൻറ വിള കയറ്റുമതി നയത്തിനെതിരെ കർഷക സംഘടനകൾ

കോട്ടയം: കാർഷിക വിളകളുടെ കയറ്റുമതിക്കായി കേന്ദ്രവാണിജ്യ മന്ത്രാലയം തയാറാക്കിയ കരടുനയത്തിൽനിന്ന് റബറിനെയും തെങ്ങിനെയും ഒഴിവാക്കിയ നടപടി കർഷകർക്ക് വീണ്ടും തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി കർഷകരും സംഘടനകളും രംഗത്ത്. കേരളത്തിലെ 10 ലക്ഷത്തോളം വരുന്ന റബർ കർഷകരോടുള്ള കേന്ദ്രത്തി​െൻറ നിഷേധാത്മക നയത്തിനെതിരെ കർഷക കൂട്ടായ്മകളെയും സംഘടനകളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇൻഫാം നേതൃത്വം വ്യക്തമാക്കി. റബർ കൃഷിയിൽ കേരളത്തെ പൂർണമായി അവഗണിച്ചപ്പോൾ ബി.ജെ.പി അടുത്തിടെ അധികാരം പിടിച്ചെടുത്ത ത്രിപുരക്ക് പ്രത്യേക പരിഗണന നൽകി. റബർ ബോർഡ് ആസ്ഥാനം കേരളത്തിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നീക്കം ശക്തമായിരിക്കേ കേന്ദ്രത്തി​െൻറ പുതിയ നീക്കം കേരളത്തെ തകർക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞ് ത്രിപുരയിൽനിന്നുള്ള മൂന്നു ജില്ലകളെ തെരഞ്ഞെടുത്തതും ആസൂത്രിതമാണെന്നും കർഷകർ പറയുന്നു. കരടുനയത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലുവരെ ആയിരുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും മുൻനിർത്തി വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്ന് നേരേത്ത വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനുള്ള അവസരവും കർഷകർക്ക് ലഭിച്ചില്ല. കർഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ റബർ ഇറക്കുമതിക്കുള്ള നടപടിയും ലളിതമാക്കുകയാണ്. ചിരട്ടപ്പാൽ ഇറക്കുമതി നീക്കവും തള്ളിയിട്ടില്ല. കേരളത്തിൽനിന്നുള്ള റബറിനെ കരടുപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ജോസ് കെ. മാണി എം.പിയും പ്രധാനമന്ത്രിക്കും കേന്ദ്രവാണിജ്യമന്ത്രിക്കും കത്തയച്ചു. തെങ്ങിനും റബറിനും പുറമെ കേരളത്തി​െൻറ ഒൗദ്യോഗിക ഫലമായ ചക്കയും കയറ്റുമതി പ്രോത്സാഹനത്തിനുള്ള കരടുനയത്തിൽ ഇടം പിടിച്ചിട്ടില്ല. കാർഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ 50 ജില്ലകളെയാണ് സവിശേഷ ഉൽപന്ന കേന്ദ്രങ്ങളാക്കി തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് പൈനാപ്പിൾ ഉൽപാദനകേന്ദ്രങ്ങളായ മൂവാറ്റുപുഴയിെല വാഴക്കുളവും തൃശൂരും പട്ടികയിൽ ഇടംപിടിച്ചു. ഇഞ്ചി ഉൽപാദനത്തിൽ വയനാട് ജില്ലയെ തെരഞ്ഞെടുത്തു. പൈനാപ്പിൾ കൃഷിയിൽ കേരളത്തെക്കാൾ പ്രാധാന്യം മേഘാലയക്കും ത്രിപുരക്കും നൽകി. സംസ്ഥാനം അടിയന്തര ഇടപെടൽ നടത്തുന്നില്ലെങ്കിൽ കേന്ദ്രമന്ത്രിസഭ പുതിയ കരടുനയത്തിന് ഉടൻ അംഗീകാരം നൽകുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.