രാജാക്കാട്: ഹൈറേഞ്ച് മേഖലയിലെ കാലാവസ്ഥ വ്യതിയാനം കൊക്കോ കൃഷിയെയും സാരമായി ബാധിക്കുന്നു. കായ ചീയ്ച്ചലിനൊപ്പം കമ്പുണങ്ങല്‍ രോഗങ്ങളും കൊക്കോ കര്‍ഷകരെ വലക്കുന്നു. എല്ലാ ആഴ്ചയിലും മോശമല്ലാത്തൊരു തുക വരുമാനമായി കൊക്കോ കൃഷിയില്‍നിന്ന് ലഭിച്ചിരുന്ന നല്ലകാലം ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് അന്യമായി കഴിഞ്ഞു. മഴക്കാലത്തുപോലും മെച്ചപ്പെട്ട കായ്ഫലം മലയോര കര്‍ഷകെൻറ വയറുനിറച്ചിരുന്നുവെന്നതാണ് കൊക്കോ കൃഷിയുടെ പൂർവകാല ചരിത്രം. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും വിലയിടിവും രോഗവും കൂടിയായതോടെ ഇതര കാര്‍ഷിക വിളകളെന്നപോലെ കൊക്കോ കൃഷിയും ഹൈറേഞ്ചിലെ കര്‍ഷകനെ കൈവിടുകയാണ്. കുമിള്‍ ശല്യം മൂലം കമ്പുണങ്ങൽ, തുരപ്പൻ, കായ്ചീയല്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും കൊക്കോച്ചെടിയെ ബാധിക്കുന്നത്. മരങ്ങള്‍ പൂവിടുന്ന സമയത്ത് കാലാവസ്ഥയിലുണ്ടാകുന്ന ചാഞ്ചാട്ടം മൂലം അവ കൊഴിഞ്ഞുപോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോഗ്രാം ഉണങ്ങിയ കൊക്കോപരിപ്പിന് 190 രൂപയായിരുന്നു പോയവര്‍ഷത്തെ വില. ഇത്തവണ അത് 150 രൂപയായി താഴ്ന്നു. 60 രൂപയായിരുന്ന പച്ചകൊക്കോയുടെ വില 45 രൂപയായി താഴ്ന്നു. ഇതിനെല്ലാം പുറമെയാണ് ചൂട് കൂടുതലായതിനാല്‍ പൂവിടുന്ന കൊക്കോപൂക്കള്‍ വാടി കരിയുന്നത്. അധ്വാനവും മുടക്കുമുതലും കൂടുതലാണെങ്കിലും ഏലം കൃഷിയാണ് നിലവിലെ സാഹചര്യത്തില്‍ മെച്ചമെന്നാണ് പലകര്‍ഷകരുടെയും അഭിപ്രായം. കൊക്കോ മരങ്ങള്‍ മുറിച്ചുമാറ്റി തണലിനായി ചെറുമരങ്ങള്‍ നിശ്ചിത അകലത്തില്‍ െവച്ചുപിടിപ്പിച്ച് ഏലകൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തിലാണ് വലിയൊരുവിഭാഗം കൊക്കോ കര്‍ഷകർ. കര്‍ഷകര്‍ ഉണക്കിക്കൊണ്ടുവരുന്ന കൊക്കോപരിപ്പ് വാങ്ങാൻ ഇടനിലക്കാരുള്‍പ്പെടെ പല കമ്പനികളും മടികാണിച്ചതും പോയവര്‍ഷം കൊക്കോ കര്‍ഷകരുടെ മനസ്സ് മടുപ്പിച്ചു. മുന്നറിയിപ്പുകൾ വിഫലം; മാലിന്യം വഴിനീളെ * നടപടിയില്ലാതെ കുമളി ഗ്രാമപഞ്ചായത്ത് കുമളി: മുന്നറിയിപ്പുകൾ നോട്ടീസുകളിലൊതുങ്ങിയതോടെ പൊതുനിരത്തുകളിൽ മാലിന്യം കുന്നുകൂടുന്നു. പൊതുസ്ഥലത്തും കൃഷിയിടങ്ങളിലും മാലിന്യം വലിച്ചെറിയരുതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തുടർനടപടികളില്ല. വൃത്തിയുടെ കാര്യത്തിൽ പലതവണ അവാർഡ് നേടിയ പഞ്ചായത്ത് ഇപ്പോൾ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു. ടൗണിന് സമീപം, റോസാപ്പൂക്കണ്ടത്തെ തോട്, റോഡ്, സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ എന്നിവിടങ്ങൾ മാലിന്യകേന്ദ്രങ്ങളായി മാറി. പെരിയാർ വനമേഖലയിൽനിന്നുള്ള പന്നി, മ്ലാവ് എന്നിവ കൃഷിയിടങ്ങളിലെത്തി മാലിന്യം ഭക്ഷിച്ച് ചാകുന്നു. കുന്നുകൂടിയ മാലിന്യത്തിൽനിന്ന് ദുർഗന്ധത്തിനൊപ്പം കൊതുകും പെരുകിയത് ജനജീവിതം ദുഷ്കരമാക്കുന്നു. പൊതുവഴിയിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും നടപടിയായില്ല. തേക്കടി ബൈപാസ് റോഡിൽ സ്വകാര്യ വ്യക്തികൾ കാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചെങ്കിലും മുന്നറിയിപ്പ് ബോർഡിന് മുന്നിൽതന്നെ മാലിന്യം തള്ളി നടപടി ഉണ്ടാകില്ലെന്ന് നാട്ടുകാർ 'തെളിയിച്ചു'. നിരവധി ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ ഇവർക്കും ഉരിയാട്ടമില്ല. മൂക്കുപൊത്തി വേണം സഞ്ചാരികൾക്ക് താമസ സ്ഥലത്തെത്താൻ. വഴി നീളെ കിടക്കുന്ന മാലിന്യത്തിൽ തീറ്റതേടി നായ്ക്കളും കന്നുകാലികളും എത്തുന്നതോടെ ഇവയുടെ ആക്രമണം ഉണ്ടാകുമെന്ന ഭയത്തോടെ വേണം കാൽനടക്കാർക്കുപോലും പോകാൻ. റോസാപ്പൂക്കണ്ടത്തിന് പുറമെ തിയറ്റർ ജങ്ഷൻ, ചെളിമട, മന്നാക്കുടി റോഡ്, ആനവച്ചാൽ ഭാഗം എന്നിവിടങ്ങളിലെല്ലാം നാട്ടുകാർ റോഡരികിലാണ് മാലിന്യം വലിച്ചെറിയുന്നത്. നിരീക്ഷണ കാമറ സ്ഥാപിക്കുകയും നടപടി കർശനമാക്കുകയും ചെയ്താൽ മാത്രമേ നിയമ ലംഘനം അവസാനിക്കൂ. ഒപ്പം, മാലിന്യം സംഭരിക്കാൻ കൂടുതൽ തൊഴിലാളികളെയും വാഹനങ്ങളെയും പഞ്ചായത്ത് ഒരുക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.