കോട്ടയം: അർബുദം ബാധിച്ച തുടയെല്ല് നീക്കി പകരം ലോഹനിർമിത തുടയെല്ല് അപൂർവ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച് കോട്ടയം മെഡിക്കൽ കോളജ് വീണ്ടും ചരിത്രനേട്ടത്തിലേക്ക്. ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം രണ്ടാം യൂനിറ്റിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. വൈക്കം സ്വദേശിനിയായ 85 വയസ്സുള്ള വീട്ടമ്മയുടെ ഇടത് തുടയെല്ലാണ് പൂർണമായും നീക്കിയശേഷം പകരം ലോഹനിർമിതമായത് വെച്ചുപിടിപ്പിച്ചത്. അഞ്ചുവർഷമായി ഈ വീട്ടമ്മക്ക് ഇടത് കാൽമുട്ടിന് മേൽഭാഗം വേദനയായിരുന്നു. പ്രായമുള്ളതിനാൽ ആദ്യം ആരും ശ്രദ്ധിച്ചില്ല. രണ്ടാഴ്ചമുമ്പ് വീട്ടമ്മയുടെ കാലുവേദന ശക്തമായി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ സൂപ്രണ്ടും അസ്ഥിരോഗവിഭാഗം രണ്ടാം യൂനിറ്റ് ചീഫുമായ ഡോ. ടിജി തോമസ് ജേക്കബിനെ കണ്ടു. ഡോക്ടർ നടത്തിയ വിദഗ്ധ പരിശോധനയിൽ തുടയെല്ലിന് അർബുദമാണെന്ന് സ്ഥിരീകരിച്ചു. 34സെൻറിമീറ്റർ നീളമുണ്ടായിരുന്ന തുടയെല്ലിൽ 32സെൻറി മീറ്ററും അർബുദം ബാധിച്ചതായി കണ്ടെത്തി. ഇത്രയും ഗുരുതരനിലയിൽ ആയതിനാൽ തുടയെല്ല് പൂർണമായി നീക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാരുണ്യ പദ്ധതി പ്രകാരം രണ്ടരലക്ഷം രൂപ അനുവദിപ്പിക്കുകയും പിന്നീട് പുണെയിൽനിന്ന് ലോഹനിർമിത തുടയെല്ല് എത്തിക്കുകയുമായിരിന്നു. ബുധനാഴ്ച രാവിലെ 8.30ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചക്ക് 1.30ന് പൂർത്തിയാക്കി. തുടയെല്ല് പൂർണമായി നീക്കിയശേഷം പകരം ലോഹനിർമിത തുടയെല്ല് വെക്കുന്നത് കേരളത്തിൽ കോട്ടയം മെഡിക്കൽ കോളജിലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ യൂനിറ്റ് ചീഫ് ഡോ. ടിജി തോമസ് പറഞ്ഞു. ഡോ. റെജി വർഗീസ്, ഡോ. ഷാജിമോൻ വർഗീസ്, ഡോ. രാഹുൽ, ഡോ. ഫാൻ ഷോ, അനസ്തേഷ്യ വിഭാഗം ഡോ. റെജിമോൾ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.