പാത ഇരട്ടിപ്പിക്കലും നവീകരണവും: റെയിൽവേ ജനറൽ മാനേജർ കോട്ടയം സ്​റ്റേഷൻ സന്ദർശിച്ചു

കോട്ടയം: പാത ഇരട്ടിപ്പിക്കലി​െൻറ പുരോഗതി വിലയിരുത്താനും സ്റ്റേഷ​െൻറ നവീകരണ സാധ്യതകൾ പഠിക്കാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ കോട്ടയം സ്റ്റേഷൻ സന്ദർശിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ വാർഷിക പരിശോധനയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് 5.55ന് പ്രത്യേക തുറന്ന ട്രെയിനിലാണ് എത്തിയത്. ചെന്നൈയിൽനിന്നുള്ള റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രം, പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. ചങ്ങനാശ്ശേരി-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെ വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്ട് പരിേശാധിച്ച് പുരോഗതി വിലയിരുത്തി. പരിശോധനക്കുശേഷം വൈകീട്ട് 6.20നാണ് കോട്ടയത്തുനിന്ന് മടങ്ങിയത്. വികസനം നടക്കുന്ന ചിങ്ങവനം സ്റ്റേഷനിലിറങ്ങി കാര്യങ്ങൾ വിലയിരുത്താനും സമയം കണ്ടെത്തി. കോട്ടയത്തെ പരിശോധനകൾക്കുശേഷം തിരുവനന്തപുരം വഴി മധുരക്ക് മടങ്ങി. ചങ്ങനാശ്ശേരി-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കൽ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ അദ്ദേഹത്തിന് നിവേദനം നൽകി. കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടെ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടത്തി​െൻറ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ശബരിമല തീർഥാടകരുടെ പ്രധാനകേന്ദ്രമായ കോട്ടയത്ത് രണ്ടാമത്തെ പ്രവേശനകവാടം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കായി ശീതീകരിച്ച വിശ്രമമുറികൾ, താമസസൗകര്യം, ടോയ്ലറ്റ്, കുളിമുറികൾ എന്നിവ വേണമെന്ന് ആവശ്യപ്പെട്ടു. പ്രായമായവർക്കായി ബാറ്ററി കാർ സൗകര്യം, കുമാരനല്ലൂർ സ്റ്റേഷനിൽ ഉയർന്ന ഫ്ലാറ്റ്ഫോമുകൾ, പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിലും കാഞ്ഞിരമറ്റത്തും സ്റ്റോപ്, ജീവനക്കാർ ഏറെ ആശ്രയിക്കുന്ന രാവിലത്തെയും വൈകീട്ടത്തെയും ട്രെയിനുകൾ സമയനിഷ്ഠ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.