നഗരസഭ ബജറ്റ്: കണക്കിൽ അവ്യക്തത; ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റിക്ക് തിരിച്ചയച്ചു

*തെറ്റുതിരുത്തി അവതരിപ്പിക്കാൻ നിർദേശം തൊടുപുഴ: കണക്കുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭ ബജറ്റ് കൗണ്‍സില്‍ യോഗം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് തിരിച്ചയച്ചു. ബജറ്റില്‍ ഗൗരവതരമായ വീഴ്ച സംഭവിക്കുന്നത് അത്യപൂര്‍വ സംഭവമായതിനാല്‍ തെറ്റുകള്‍ തിരുത്തി പുതുക്കിയ ബജറ്റ് ബുധനാഴ്ച കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം. വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 57,89,157 രൂപ അടക്കം 106,95,53,499 രൂപ ആകെ വരവും 90,33,04,342 രൂപ ആകെ ചെലവും 16,62,49,157 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് കഴിഞ്ഞ 21ന് വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരൻ നായര്‍ അവതരിപ്പിച്ചത്. ബജറ്റ് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഹരിയാണ് കണക്കുകളിലെ അവ്യക്തത പുറത്തുകൊണ്ടുവന്നത്. ബജറ്റുകളില്‍ സര്‍വസാധാരണമായി തെറ്റുകള്‍ കടന്നുകൂടുമെങ്കിലും നഗരസഭ ചരിത്രത്തില്‍ ആദ്യ സംഭവമാണ് ബജറ്റ് പാസാക്കാതെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് തിരിച്ചയക്കുന്നതെന്ന് ആര്‍. ഹരി പറഞ്ഞു. ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരനും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. ബജറ്റില്‍ അവതരിപ്പിച്ച കണക്കുകള്‍ ഒരിടത്തും കൂട്ടിമുട്ടുന്നില്ലെന്ന് ബാബു പരമേശ്വരന്‍ കുറ്റപ്പെടുത്തി. വരവും ചെലവും തമ്മില്‍ യോജിക്കുന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തനത് വരുമാനവും പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇതില്‍ തനത് വരുമാനമാണ് ബജറ്റി​െൻറ അന്തഃസത്ത നിര്‍ണയിക്കുന്നത്. വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിട നികുതി, വിവിധയിനം ഫീസുകള്‍ ഉൾെപ്പടെയാണ് തനതുവരുമാനമായി പ്രതീക്ഷിക്കുന്നത്. ഇതില്‍ നികുതി വരുമാനത്തില്‍ വസ്തുനികുതിയായി പ്രതീക്ഷിക്കുന്ന 4.20 കോടിയുടെ എസ്റ്റിമേറ്റ് മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ആകെ നികുതി വരവായി 6.59 കോടിയുണ്ടെന്ന് സൂചിപ്പിക്കുമ്പോഴും 2.39 കോടിയുടെ അവ്യക്തയാണ് കണക്കുകളില്‍ വന്നിരിക്കുന്നത്. പദ്ധതി ചെലവുകള്‍ക്കായി മറ്റു റവന്യൂ ഗ്രാൻറുകളായി 37,40,30,542 രൂപയാണ് ബജറ്റ് എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, റവന്യൂ വരവുകള്‍ക്കുള്ള ഗ്രാൻറ് ഫണ്ട് വിഹിതമായി 1.20 കോടി മാത്രമാണ് വകയിരുത്തിരിക്കുന്നത്. 36 കോടിയുടെ വ്യത്യാസമാണ് ഇവിടെ മാത്രം സംഭവിച്ചിരിക്കുന്നത്. മൂലധനവരവായി വായ്പയിനത്തില്‍ 41,39,00,000 രൂപയാണ് ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍, വായ്പ ഇനത്തിലുള്ള മൂലധന വരവ് 27,39,00,000 രൂപ മാത്രം. 14 കോടിയുടെ വ്യത്യാസമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കെട്ടിടങ്ങളുടെ വാടക ഇനത്തിൽ മുനിസിപ്പിലാറ്റിക്ക് 1.26 കോടിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫീ ആന്‍ഡ് യൂസര്‍ ചാര്‍ജായി പ്രധാന വരുമാന മാര്‍ഗങ്ങളായ കംഫര്‍ട്ട് സ്റ്റേഷന്‍ ലേലം, ബസ് സ്റ്റാന്‍ഡ് ലേലം, ടാക്‌സി-ഓട്ടോ സ്റ്റാന്‍ഡ് ലേലം, ക്രിമറ്റോറിയം എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. റവന്യൂ വരുമാനത്തി​െൻറ രണ്ടുശതമാനം ദാരിദ്ര്യ ലഘൂകരണത്തിന് നീക്കിവെക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഇതും ബജറ്റില്‍ ഉള്‍പ്പെടാത്തത് പോരായ്മയായി. പിശക് പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ചതിൽ -സെക്രട്ടറി തൊടുപുഴ: ബജറ്റ് തയാറാക്കിയത് പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണെന്നും പിശകുകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരണം നല്‍കി. പോരായ്മകള്‍ ശ്രദ്ധയിൽപെട്ടതോടെ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. തുടർന്നാണ് കേരള മുനിസിപ്പല്‍ ആക്ട് 288ാം വകുപ്പനുസരിച്ച് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അവതരിപ്പിക്കുന്ന നിര്‍ണായക സാമ്പത്തിക രേഖയായ ബജറ്റില്‍ ഗൗരവതരമായ തെറ്റുകള്‍ കണ്ടെത്തിയാല്‍ തിരിച്ചയച്ച് തെറ്റുകള്‍ തിരുത്തി നിശ്ചിത ദിവസത്തിനുള്ള കൗണ്‍സിലില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം കൗണ്‍സിലിനുണ്ട്. ഈ ആക്ട് അനുസരിച്ച് ബജറ്റിലെ അപാകതകള്‍ പരിഹരിച്ച് വീണ്ടും ബുധനാഴ്ച കൗണ്‍സിലില്‍ സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗം നിര്‍ദേശിക്കുകയായിരുന്നു. ജില്ല സെക്രേട്ടറിയറ്റ് ഇന്ന് നെടുങ്കണ്ടം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രേട്ടറിയറ്റ് അടിയന്തര യോഗം ചൊവ്വാഴ്ച രണ്ടിന് തൊടുപുഴ പാർട്ടി ഓഫിസിൽ കൂടുമെന്ന് ജനറൽ സെക്രട്ടറി സിബി മൂലേപറമ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.