കോട്ടയം: തുടർച്ചയായി ഏറ്റവും കൂടുതൽ സമയം പ്രസംഗിച്ചതിനുള്ള ഗിന്നസ് റെക്കോഡ് കോട്ടയം മണിമല സ്വദേശി ബിനു കണ്ണന്താനത്തിന് സ്വന്തം. ഇതുസംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പും രേഖകളും കഴിഞ്ഞദിവസം ബിനുവിന് ലഭിച്ചു. 77 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ചാണ് ഗിന്നസ് റെേക്കാഡ് കരസ്ഥമാക്കിയത്. തുടർച്ചയായി നാലുപകലും മൂന്നുരാത്രിയും ഓഡിയോ, വിഡിയോ സഹായമില്ലാതെ ആവർത്തനമില്ലാതെയായിരുന്നു പ്രസംഗം. സെപ്റ്റംബർ അഞ്ചിന് രാവിലെ ഒമ്പതിന് കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ ആരംഭിച്ച പ്രസംഗം എട്ടിന് ഉച്ചക്ക് രണ്ടിന് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ആറുമാസത്തിനുശേഷമാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. വ്യക്തിത്വവികസന പരിശീലകനായ ബിനു കണ്ണന്താനം ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം എന്ന വിഷയത്തിലാണ് തുടർച്ചയായി സംസാരിച്ചത്. നാലുദിവസം ഒരു മിനിറ്റുപോലും ഉറങ്ങാതെ 200 പാഷൻ ഫ്രൂട്ടുമാത്രം കഴിച്ചാണ് പ്രസംഗിച്ചത്. ആദ്യദിവസം തുടർച്ചയായി ഒരേ നിൽപിൽ പതിമൂന്നു മണിക്കൂർ പ്രസംഗിച്ച ശേഷം അഞ്ചുമിനിറ്റ് മാത്രമാണ് ഇടവേളയെടുത്തത്. അതും ലോക റെേക്കാഡായി. പിന്നീട് പത്തുമണിക്കൂർ പ്രസംഗിച്ച ശേഷം പത്തുമിനിറ്റ് ഇടവേള. 28 വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ബിനു കണ്ണന്താനം പറഞ്ഞു. തന്നെ പ്രസംഗവഴിയിലേക്ക് നിർബന്ധിച്ചു പിടിച്ചുകയറ്റിയ അധ്യാപകൻ പ്രഫ. ആചാരിക്ക് ഈ അംഗീകാരം സമർപ്പിക്കുന്നതായും ബിനു പറഞ്ഞു. പ്രസംഗത്തിൽ ഇന്ത്യയിൽനിന്ന് ഗിന്നസ് റെക്കോഡ് നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ബിനു കണ്ണന്താനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.