കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ ജീവനക്കാർ വിട്ടുവീഴ്ച ചെയ്യണം -മന്ത്രി തൊടുപുഴ: ചെലവ് ചുരുക്കി കെ.എസ്.ആർ.ടി.സിയെ രക്ഷിച്ചെടുക്കാനുളള കർമപദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന സേമ്മളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ജീവനക്കാരുടെ പിന്തുണ ഉണ്ടാകണം. ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് വായ്പയെടുത്താണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്നത്. ഇതിലും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുകയാണ്. ചെലവ് ചുരുക്കൽ പ്രക്രിയ മറ്റ് മേഖലകളിലേക്ക് കടക്കുമ്പോൾ ജീവനക്കാർ ശക്തമായ പിന്തുണ നൽകണം. ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ അന്തരമുണ്ട്. ഇത് കണക്കിലെടുത്ത് ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ചചെയ്ത് സ്ഥാപനത്തെ സംരക്ഷിക്കാൻ ജീവനക്കാർ ത്യാഗമനോഭാവം കാണിക്കണം. ഡീസൽ, ടയർ എന്നിവയുടെ ക്ഷമതയുടെ കാര്യത്തിലും ചെലവ് ചുരുക്കലിന് ജീവനക്കാരുടെ സഹായം ആവശ്യമാണ്. ഒരു ലിറ്റർ ഡീസലിൽ അര കിലോമീറ്റർ ലാഭിച്ചാൽ ദിനംപ്രതി 10,000 കിലോമീറ്ററെങ്കിലും അധികം ഓടാനാകും. ടയർ ഉപയോഗത്തിൽ ദേശീയ ശരാശരിെയക്കാൾ ഉയർന്ന നിലയാണുള്ളത്. ശാസ്ത്രീയ ലക്ഷ്യനിർണയത്തിലൂടെ കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കുകയെന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ. ജോൺ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ്, എൻ.വി. തമ്പുരാൻ, കെ.എസ്.ആർ.ടി.ഇ.എ-സി.ഐ.ടി.യു ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ടി.ഡി.എഫ്-ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ആർ. ശശിധരൻ, വി.കെ. മാണി, ജെ.സി.എസ്. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.