കുമളി: തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിൽ കാട്ടുതീയിൽ കുടുങ്ങി 18 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാവിലെ കമീഷൻ ചെയർമാൻ അതുല്യ മിശ്ര കൊരങ്ങിണി വനമേഖല സന്ദർശിച്ചു. ഈമാസം 11നാണ് കൊരങ്ങിണി വനത്തിൽ കാട്ടുതീ പടർന്നത്. തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 36 അംഗ ട്രക്കിങ് സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്. തീയിൽ പരിക്കേറ്റ് മധുരയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജയശ്രീയും വ്യാഴാഴ്ച മരിച്ചതോടെ ദുരന്തം ജീവൻ കവർന്നവരുടെ എണ്ണം 18 ആയി. കാട്ടുതീ ദുരന്തത്തിൽ വനപാലകരുടെ അനാസ്ഥ വ്യക്തമായതോടെയാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അതുല്യ മിശ്രയെ സർക്കാർ നിയോഗിച്ചത്. വ്യാഴാഴ്ച കൊരങ്ങിണി മലയിലെത്തി ദുരന്തസ്ഥലം കണ്ട അതുല്യ മിശ്ര വനപാലകർ, പൊലീസ്, രക്ഷാപ്രവർത്തകർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ബോഡി നായ്ക്കന്നൂരിലും തേനിയിലുമായി വെള്ളിയാഴ്ച നടക്കുന്ന തെളിവെടുപ്പിൽ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾ, നാട്ടുകാർ, ഡോക്ടർമാർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.