തിരുനക്കര പകൽപൂരം ഇന്ന്​; മനംകവരാൻ കുടമാറ്റം

കോട്ടയം: ആനച്ചന്തവും മേളപ്പെരുക്കവും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്. അക്ഷരനഗരിയുടെ മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൂരത്തിന് തന്ത്രിമുഖ്യൻ താഴ്മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു വിശിഷ്ടാതിഥിയാകും. ഗജരാജസംഗമം, മേളം, കുടമാറ്റം എന്നിവയാണ് പ്രധാനമായും നടക്കുന്നത്. തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വത്തി​െൻറ തനിമയുള്ള ആനച്ചമയങ്ങളും പൊലിമകൂട്ടും. പൂരപ്പറമ്പിൽ നിറയുന്ന പുരുഷാരത്തിൽ ഗജവീരന്മാർ തിരുനക്കര തേവരുടെ സന്നിധിയിൽനിന്ന് ഇറങ്ങിവരും. കിഴക്കും പടിഞ്ഞാറും ചേരികളിലായി 11വീതം ആനകളാണ് പൂരത്തിന് അണിനിരക്കുക. തെച്ചിക്കോട് രാമചന്ദ്രൻ, തൃക്കടവൂർ ശിവരാജു, ഭാരത് വിനോദ്, പാമ്പാടി സുന്ദരൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ചൈത്രം അച്ചു, നായരമ്പലം രാജശേഖരൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, പാറന്നൂർ നന്ദൻ, ശങ്കരകുളങ്ങര മണികണ്ഠൻ, ഗുരുവായൂർ സിദ്ധാർഥൻ, വേമ്പനാട് അർജുൻ, പട്ടാമ്പി മണികണ്ഠൻ, ഗുരുവായൂർ വലിയ വിഷ്ണു, വരടിയം ജയറാം, കുളമാക്കീൽ ഗണേശൻ, ഉണ്ണിപ്പള്ളി ഗണേശൻ, വലിയവീട്ടിൽ ഗണപതി, ഉഷശ്രീ ദുർഗാപ്രസാദ്, വെളിനെല്ലൂർ മണികണ്ഠൻ, തോട്ടയ്ക്കാട് കണ്ണൻ, പന്മന ശരവണൻ തുടങ്ങിയ 22 ഗജവീരന്മാർ അണിനിരക്കും. ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ 75ൽ പരം കലാകാരന്മാരുടെ സ്പെഷൽ മേജർസെറ്റ് പാണ്ടിമേളവും അരങ്ങേറും. തൃശൂര്‍ പാറമേക്കാവ്‌, തിരുവാമ്പാടി ദേവസ്വത്തി​െൻറ കുടമാറ്റവും പൂരത്തിന്‌ ആവേശം പകരും. ജില്ലഭരണകൂടവും വിവിധവകുപ്പുകളും കൈകോർത്ത് സംഘടിപ്പിക്കുന്ന പകൽപൂരത്തിന് എത്തുന്ന പൂരപ്രേമികളെ സ്വീകരിക്കാൻ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാത്രി ഒമ്പതിന് ബ്രഹ്മമംഗലം അനിൽകുമാറി​െൻറ സംഗീതസദസ്സ്, പത്തിന് സംഗീതസംവിധായകൻ രവീന്ദ്രൻമാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രൻ മുഖ്യാതിഥിയായി പെങ്കടുക്കുന്ന വസന്തഗീതങ്ങൾ ഗാനമേള എന്നിവ നടക്കും. പൂരത്തിന് മുന്നോടിയായി സമീപ പ്രദേശങ്ങളിലെ 11 ക്ഷേത്രങ്ങളില്‍നിന്ന്‌ ചെറുപൂരങ്ങള്‍ രാവിലെ പുറപ്പെടും. ഉച്ചക്ക് ഒന്നിന് മുമ്പ് ചെറുപൂരങ്ങള്‍ തിരുനക്കര മൈതാനത്ത് പ്രവേശിക്കും. അമ്പലക്കടവ്‌ ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയതൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ദുര്‍ഗാദേവി ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന്‌ മള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ്‌ ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്‌. തിരുനക്കരയിൽ ഇന്ന് നിർമാല്യദർശനം- പുലർച്ച 4.00 ശ്രീബലി എഴുന്നള്ളിപ്പ് -രാവിെല 7.00 ഭാഗവതപാരായണം-9.00 ഭക്തിഗാനമേള-രാവിലെ 10.00 ഉത്സവബലി ദർശനം -ഉച്ച. 2.00 കളരിപ്പയറ്റ് -ഉച്ച. 2.30 പൂരസമാരംഭം-വൈകു. 3.00 സ്പെഷൽ മേജർസെറ്റ് പാണ്ടിമേളം 3.30 കുടമാറ്റം-വൈകു. 5.00 ദീപാരാധന-വൈകു. 6.00 സംഗീതസദസ്സ്- രാത്രി 9.00 ഗാനമേള -രാത്രി 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.