കോട്ടയം: കടകളുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമായ അങ്ങാടിക്കുരുവികൾ കൂട്ടത്തോടെ അരങ്ങൊഴിഞ്ഞു. ലോകഅങ്ങാടിക്കുരുവി ദിനാചരണ ഭാഗമായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇക്കോളജിക്കൽ സയൻസസിെൻറ നേതൃത്വത്തിൽ കോട്ടയം, കൊച്ചി നഗരങ്ങളിൽ നടത്തിയ കുരുവികളുടെ സർവേയിലാണ് ഗണ്യമായ കുറവ് കണ്ടെത്തിയത്. 2012ല്‍ 740 കുരുവികളുണ്ടായിരുന്ന കോട്ടയം നഗരത്തില്‍ ഇപ്പോള്‍ 64 എണ്ണം മാത്രമാണുള്ളത്. മുഖ്യ ആവാസകേന്ദ്രമായിരുന്ന 10 ഇടങ്ങളിൽ നാലിടത്ത് കുരുവികളില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്ഥാപിച്ച ഇരുനൂറോളം കുരുവിക്കൂടുകളില്‍ പകുതിയില്‍താഴെ മാത്രമാണ് കുരുവികളുള്ളത്. മാത്രമല്ല, പെൺകിളികളുടെയും കുഞ്ഞുങ്ങളുടെയും എണ്ണത്തില്‍ സാരമായ കുറവുണ്ടായി. കൊച്ചി നഗരത്തില്‍ 2016ല്‍ 481 കുരുവികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ 332 ആയി കുറഞ്ഞു. കുരുവികളുടെ നഗരത്തിലെ മുഖ്യതാവളമായ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ കഴിഞ്ഞവര്‍ഷം 352 കുരുവികളിൽ 134 ആയി കുറഞ്ഞു. മറൈന്‍ഡ്രൈവില്‍ കഴിഞ്ഞ വര്‍ഷത്തെ 158 കുരുവികള്‍ 198 ആയി വർധിച്ചു. മറൈന്‍ ഡ്രൈവില്‍ മൂന്നുവര്‍ഷമായി വ്യാപാരികളുടെ സഹകരണത്തോടെ നടത്തുന്ന സംരക്ഷണപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണം. വിവിധഇടങ്ങളിൽ സ്ഥാപിച്ച കുരുവിക്കൂടുകളില്‍ 90 ശതമാനത്തിലും കുരുവികളുടെ സാന്നിധ്യം കാണാനായി. കൂടൊരുക്കിയിട്ടും കുരുവികൾ കുറഞ്ഞസാഹചര്യത്തിൽ കുരുവികളെ കൂടുകളില്‍ വളര്‍ത്തി പ്രജനനം നടത്തി സ്വാഭാവിക പരിസ്ഥിതിയിലേക്ക് തിരികെ വിടുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് സർവേക്ക് നേതൃത്വം നൽകിയ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സെക്രട്ടറി ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ശരത് ബാബു, എം.എൻ. അജയകുമാര്‍ എന്നിവര്‍ പറഞ്ഞു. കുരുവികള്‍ക്ക് കൂടൊരുക്കാന്‍ കഴിയാത്തവിധത്തിലെ കെട്ടിട നിർമാണ രീതികൾ, മുഖ്യഭക്ഷണമായ ധാന്യങ്ങള്‍ വിഷലിപ്തമായി, മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ മൂലം ഭ്രൂണവളര്‍ച്ച ഇല്ലാതായി എന്നിവയാണ് കുരുവികളുടെ നാശത്തിന് മുഖ്യകാരണം. പലചരക്ക് കടകളിൽനിന്ന് നിലത്തുവീഴുന്ന ധാന്യമണികളായിരുന്നു ഇവയുടെ ആഹാരം. കാലപ്രവാഹത്തിൽ അരിയും മറ്റു സാധനങ്ങളുമെല്ലാം പാക്കറ്റുകളിലേക്ക് ഒതുങ്ങിയതോടെ കുരുവികൾക്ക് ആഹാരം കിട്ടാതായി. പ്രത്യുൽപാദനം കുറഞ്ഞ് വംശനാശത്തിെൻറ വക്കിലാണ് കുരുവികള്‍. ചെടികളില്‍നിന്ന് ധാന്യം കൊത്തിയെടുക്കാന്‍ ശീലമില്ലാത്തതും ഇവക്ക് തിരിച്ചടിയായി. കുരുവികള്‍ കൂടൊരുക്കുന്ന പഴയ കെട്ടിടങ്ങള്‍ ഇല്ലാതായതും ഇവയെ സംരക്ഷിച്ചിരുന്ന വ്യാപാരികളുടെ എണ്ണം ചുരുങ്ങിയതും വംശനാശത്തിന് ആക്കംകൂട്ടി. മുഖ്യ ആഹാരമായ ധാന്യത്തിലെ വിഷാംശവും വിനയായി. മനുഷ്യരുമായി ഇണങ്ങുന്ന അങ്ങാടിക്കുരുവികൾ ലോകത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതായി അടുത്തിടെ ബ്രിട്ടനിലെ ഒരുകൂട്ടം പക്ഷിനിരീക്ഷകർ പഠനങ്ങളിലൂടെ കെണ്ടത്തി. കോട്ടയം മാർക്കറ്റിലെ പഴയ അങ്ങാടി റോഡിന് 'അങ്ങാടിക്കുരുവി റോഡ്' എന്ന പേരിട്ടിട്ടും കുരുവികളുടെ സംരക്ഷണത്തിന് വനം വകുപ്പ് 'കുരുവിക്കൊരു കൂട്' പദ്ധതി ആവിഷ്കരിച്ചിട്ടും കുരുവികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മാർച്ച് 20നാണ് ലോകവ്യാപകമായി അങ്ങാടിക്കുരുവിദിനം ആചരിക്കുന്നത്. ചെറുതെങ്കിലും ചേതോഹരം ചെറിയ പക്ഷികളാണ് അങ്ങാടിക്കുരുവികൾ. 11 മുതൽ 18വരെ സെ.മീ. നീളവും 13 മുതൽ 42 ഗ്രാംവരെ തൂക്കവുമുണ്ടാകും. ചാരവും കാപ്പിപ്പൊടി നിറത്തിലുമുള്ളതിനെയാണ് സാധാരണയായി കാണുന്നത്. അങ്ങാടിക്കുരുവികൾ (കോട്ടയം) വർഷം എണ്ണം 2012 740 2013 610 2014 580 2015 240 2017 150 2018 64 കുരുവികളുടെ താവളം *സപ്ലൈകോ ലൈൻ *പപ്പടക്കട ലൈൻ *പുതിയ മുനിസിപ്പൽ ക്ലോംപക്സ് *ചള്ളിയിൽ റോഡ് *ബിരിയാണിക്കട ലൈൻ *ബെസ്റ്റോട്ടൽ-വൈ.എം.സി.എ കോംപ്ലക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.