ചെറുതോണി: ഇരുവൃക്കയും തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന സ്വപ്ന എട്ടുമാസത്തിനുശേഷം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി മരണത്തിന് കീഴടങ്ങി. സ്വപ്നയുടെ ജീവൻ മാസങ്ങൾക്ക് ശേഷം തട്ടിയെടുത്തത് ന്യുമോണിയ. തനിക്ക് ചികിത്സക്കായി പിരിഞ്ഞുകിട്ടിയതിൽ ബാക്കി വന്ന തുക ഇരുവൃക്കയും തകരാറിലായ മറ്റൊരാൾക്ക് ചികിത്സക്ക് നൽകിയാണ് സ്വപ്ന ഈ ലോകത്തുനിന്ന് മടങ്ങിയത്. ഇടുക്കി ഏരിമറ്റത്തിൽ സന്തോഷിെൻറ മകൾ സ്വപ്നയുടെ (20) ഇരുവൃക്കയും തകരാറിലായതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. വൃക്ക മാറ്റിവെക്കുക മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ഇടുക്കി സെൻറ് ജോർജ് പള്ളി വികാരി മാത്യു ചെയർമാനും എസ്.എൻ.ഡി.പി യൂനിയൻ ഭാരവാഹി മഹേന്ദ്രൻ ശാന്തി വൈസ് ചെയർമാനുമായി ചികിത്സനിധി രൂപവത്കരിച്ചു. ഒരുദിവസം 20 ബസാണ് തുക കണ്ടെത്താൻ സർവിസ് നടത്തിയത്. ഏതാനും ദിവസംകൊണ്ട് 45,42,922 രൂപ ലഭിച്ചു. അമ്മ ജോൺസിയുടെ വൃക്ക വിജയകരമായി സ്വപ്നയിൽ മാറ്റിവെച്ചു. തുടർ ചികിത്സയിലും കുഴപ്പമൊന്നുമുണ്ടായില്ല. പിരിഞ്ഞു കിട്ടിയതിൽ 15,49,481 രൂപയാണ് ചികിത്സക്ക് ചെലവായത്. എട്ടുലക്ഷം രൂപ സ്വപ്നയുടെ എക്കാലത്തെയും സ്വപ്നമായ വീടുവെച്ചു നൽകാൻ ചെലവിട്ടു. തുടർ ചികിത്സക്കായി 15 ലക്ഷം രൂപ ബാങ്കിലും നിക്ഷേപിച്ചു. ബാക്കി വന്ന തുക ഇരുവൃക്കയും തകരാറിലായ നാരകക്കാനം തോക്കനാട്ട് ജോയിയുടെ ചികിത്സക്ക് നൽകിയ ശേഷമാണ് സ്വപ്ന വിടപറയുന്നത്. കട്ടപ്പന സെൻറ് സെബാസ്റ്റ്യൻസ് കോളജിൽ ബിരുദ വിദ്യാർഥിനിയായിരുന്നു. മാതാവ് ജോൺസി ഇടുക്കി പൈമ്പള്ളിക്കുന്നേൽ കുടുംബാഗം. ഏക സഹോദരി സോഫിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇടുക്കി സെൻറ് ജോർജ് പളളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.