മറയൂർ: മൂന്നുമാസം മുമ്പ് ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് ചന്ദനം മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പാളപെട്ടി സ്വദേശി അരുൺ കുപ്പനാണ് (20) ശനിയാഴ്ച ചിന്നാർ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് ഓഫിസിൽ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭുവിെൻറ മുമ്പാകെ കീഴടങ്ങിയത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളിൽനിന്ന് മൂന്നുമാസം മുമ്പ് രണ്ട് ചന്ദനമരങ്ങൾ അരുണും സുഹൃത്തുക്കളും മുറിച്ചുകടത്തിയിരുന്നു. ഇതിൽ ചുരുളിപ്പെട്ടി ഭാഗത്തുനിന്ന് മുറിച്ചുകടത്തിയ ചന്ദനവും ആയുധവും തൊട്ടടുത്ത ദിവസം പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ വനപാലകർ കണ്ടെത്തി. ഇതറിഞ്ഞ പ്രതികൾ അന്ന് ഒളിവിൽ പോവുകയും പിന്നീട് ഒരു മാസത്തിനുശേഷം ഒറ്റചിപ്പാലം ഭാഗത്തുള്ള മറ്റൊരു ചന്ദനമരം ഈ സംഘം മുറിച്ചുകടത്തുകയും ഒളിവിൽ കഴിയുകയുമായിരുന്നു. ഡോഗ് സ്ക്വാഡ് സഹിതം അന്വേഷണം നടത്തിയെങ്കിലും തൊണ്ടിയോ പ്രതിയെയോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് രഹസ്യാന്വേഷണത്തിലൂടെ പ്രധാന പ്രതികളെ മനസ്സിലാക്കി നിരീക്ഷിച്ചുവരുകയായിരുന്നു. വിവിധ കുടികളിൽ താമസിച്ചുവന്ന പ്രതികളിൽ പ്രധാനി അരുൺ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികൾ ഒളിവിലാണ്. മുമ്പും നിരവധി തവണ കാന്തല്ലൂർ ചന്ദനക്കാടുകളിൽനിന്ന് ഇയാൾ ചന്ദനം മുറിച്ചുകടത്തിയതായി മൊഴി നൽകിയിരുന്നു. പ്രതിയുമായി തെളിവെടുപ്പ് നടത്തി ഒട്ടച്ചിപ്പാലം ഭാഗത്തുനിന്ന് മുറിച്ചുമാറ്റി ഒളിപ്പിച്ചുെവച്ച ചന്ദനവും ആയുധവും കണ്ടെടുത്തു. നാല് കിലോ വരുന്ന ചന്ദനക്കാതൽ ആണ് ചെത്തിയൊരുക്കി വിൽക്കാനായി സൂക്ഷിച്ചിരുന്നത്. ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ, പി.എം. പ്രഭുവിെൻറ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.വി. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബി.കെ. രാജേഷ്, സഞ്ചുമോൻ, മനേഷ്, താൽക്കാലിക വാച്ചർമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.