കോട്ടയം: മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. കനത്തമഴയിൽ ജില്ലയിലെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതിൽ ഭൂരിഭാഗം പ്രദേശത്തും ജലനിരപ്പ് താഴ്ന്നനിലയിലാണ്. കോട്ടയം നഗരത്തിൽ കോടിമത, ഇല്ലിക്കൽ, താഴത്തങ്ങാടി, പഴയ സെമിനാരി, ചുങ്കം, പനയക്കഴിപ്പ്, കുമാരനല്ലൂർ, വാരിശ്ശേരി പ്രദേശങ്ങളിലും അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, നീണ്ടൂർ ഭാഗങ്ങളിലും വീടുകളിലും പുരയിടങ്ങളിലും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. അയ്മനത്ത് വല്യാട്, പുത്തൻതോട്, കരീമഠം, പരിപ്പ് ഭാഗങ്ങളിൽ വീടുകളിൽ കയറിയ വെള്ളം ഇറങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളും റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മീനച്ചിലാറ്റിലും പടിഞ്ഞാറൻ കൈവഴികളിലും ഇടത്തോടുകളിലും ശനിയാഴ്ച വൈകീട്ടോടെ ഏതാണ്ട് ഒന്നര അടിയോളം വെള്ളം താഴ്ന്നു. പുഴവെള്ളം തെളിഞ്ഞു. കുത്തൊഴുക്കും നിലച്ചിട്ടുണ്ട്. കനത്ത മഴ പെയ്യാത്തതിനാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങിയിട്ടില്ല. വെള്ളിയാഴ്ച നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നിരുന്നു. വൈക്കത്ത് ഉദയനാപുരത്ത് വൈക്കപ്രയാര്‍ എസ്.എൻ.എൽ.പി സ്കൂൾ, കൊടിയത്ത് കമ്യൂണിറ്റി ഹാൾ, പനച്ചിക്കാട് മൂലേടം അമൃത എച്ച്.എസ്, ചങ്ങനാശ്ശേരി പെരുന്ന ജി.എൽ.പി സ്കൂൾ എന്നിവയാണ് പുതിയ ക്യാമ്പുകൾ. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 23 ആയി. 261 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 400 സ്ത്രീകളും 208 കുട്ടികളുമടക്കം 996 പേര്‍ ക്യാമ്പുകളിലുണ്ട് വെള്ളം ഇറങ്ങുേമ്പാഴും അടിഞ്ഞുകൂടിയ മാലിന്യം ജനജീവിതത്തിന് ഭീഷണിയായി. കോട്ടയം നഗരത്തിലെയും അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിെലയും താഴ്ന്നപ്രദേശങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യമാണ് അടിഞ്ഞുകൂടി ദുർഗന്ധം പരത്തുന്നത്. മാലിന്യം നീക്കംചെയ്യാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്നിെല്ലന്ന് പരക്കെ ആപക്ഷേപമുണ്ട്. വെള്ളം ഇറങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.