േകാട്ടയം: കെ.കെ റോഡിൽ കഞ്ഞിക്കുഴി നാലുവരിപ്പാലം നിർമാണത്തിെൻറ പേരിൽ കോട്ടയം വഴിയുള്ള റെയിൽവേ പാതയിരട്ടിപ്പിക്കൽ ജോലികൾ നീളും. നിലവിൽ കോട്ടയത്തെ റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കി 2020 മാർച്ച് 31ന് പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കഞ്ഞിക്കുഴിയിൽ രണ്ടുവരി മേൽപാലം നിർമിക്കുന്നതിന് പ്രാരംഭനടപടി ആരംഭിച്ചഘട്ടത്തിലാണ് നാലുവരിപ്പാത പണിയണമെന്ന് സർക്കാർ ഉത്തരവിറങ്ങിയത്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ദക്ഷിമേഖല റെയിൽവേ ചീഫ് എൻജീനിയർ എന്നിവർക്ക് നിവേദനം നൽകിയതിനെത്തുടർന്ന് നേരേത്ത വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മേൽപാലം നാലുവരിയായി നിർമിക്കാൻ ഉത്തരവ് ഇറങ്ങിയത്. അതേസമയം, കെ.കെ റോഡിലെ പഴയപാലം പൊളിക്കുന്നതിന് മുന്നോടിയായി സമാന്തമായി നിർമിച്ച പാതയുടെ ടാറിങ് ഉൾപ്പെടെ നിർമാണം പൂർത്തിയാക്കി. മഴ മാറിനിൽക്കുന്ന ഘട്ടത്തിൽ പഴയപാലം പൊളിക്കുന്നതിലേക്ക് കടക്കാനിരിക്കെയാണ് പുതിയപാലത്തിെൻറ നിർമാണം നാലുവരിയിലേക്ക് മാറ്റുന്നത്. ഇത് ഒേട്ടറെ സാേങ്കതികപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തിൽ. നേരേത്ത നിശ്ചയിച്ച രണ്ടുവരിപ്പാത എട്ടുമാസത്തിനകം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചത്. പുതിയ നാലുവരിപ്പാലം നിർമിക്കാൻ പ്രധാനതടസ്സം റോഡിന് വീതിയില്ലാത്തതാണ്. നിലവിൽ സമാന്തരപാതയടക്കം 18 മീറ്റർ മാത്രമാണ് വീതിയാണുള്ളത്. പുതിയപാലം നിർമിക്കാൻ ചുരുങ്ങിയത് 20 മീറ്റർ വീതിയെങ്കിലും വേണം. ഇൗസാഹചര്യത്തിൽ പ്ലാേൻറഷൻ കോർപറേഷൻ ഒാഫിസ് സ്ഥിതിചെയ്യുന്ന വശം ഒഴികെ മറ്റ് മൂന്നുഭാഗത്തെയും സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇത് കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് വഴിവെക്കുമോയെന്ന ആശങ്കയുണ്ട്. സ്ഥലം വിട്ടുകിട്ടിയാൽതന്നെ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന കെ.കെ. റോഡിലെ വാഹനഗതാഗതം നിരോധിക്കേണ്ടതായി വരും. നാലുവരിപ്പാത രണ്ടുഘട്ടമായി മാത്രമേ പൂർത്തിയാക്കാൻ കഴിയൂ. റോഡിെൻറ മധ്യഭാഗത്തിലൂടെ 14 മീറ്റർ വീതിയിൽ പാലം ആദ്യഘട്ടത്തിൽ നിർമിക്കാനാണ് റെയിൽവേയുടെ നീക്കം. ബാക്കിയുള്ള ഭാഗം സംസ്ഥാന സർക്കാറിെൻറ ചെലവിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് സംസ്ഥാന സർക്കാർ അനുകൂലമായ നിലപാടാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ ബാധിക്കുമെന്നതിനാൽ കഞ്ഞിക്കുഴി പുതിയപാലത്തിെൻറ പണികൾ 75 ശതമാനം പൂർത്തിയായശേഷമേ റബർ ബോർഡിന് മുന്നിൽ പഴയ റെയിൽവേ പാലം പൊളിക്കാൻ കഴിയൂ. ഇത്തരം സാേങ്കതികപ്രശ്നം പാതയിരട്ടിപ്പിക്കൽ ജോലികൾ അനന്തമായി നീളാൻ കാരണമാകും. വാഹനപെരുപ്പത്തിൽ ശ്വാസംമുട്ടുന്ന കോട്ടയത്തെ വാഹനങ്ങളുെട എണ്ണത്തിന് ആനുപാതികമായി പല റോഡുകളും വികസിക്കുന്നില്ല. കെ.കെ റോഡിൽ കോട്ടയം മുതൽ പൊൻകുന്നം വരെ 25 കിലോമീറ്ററിൽ 42 വലിയ അപകടവളവുകൾ ഉണ്ടെന്ന് ദേശീയപാത അധികൃതർ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിൽ 15 കേന്ദ്രങ്ങൾ അതിഅപകടമേഖലയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാഗമ്പടം റെയിൽവേ മേൽപാലം പൂർത്തിയാക്കി തുറന്നുകൊടുത്താലും ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.