കുരുന്നുകളുടെ വേർപാടിൽ വിതുമ്പി ആനക്കുഴി ഗ്രാമം; സംശയങ്ങളുമായി നാട്ടുകാരും

കുമളി: ഓടിക്കളിച്ചുനടന്ന കുരുന്നുകൾ ജീവനറ്റ് കൺമുന്നിലെത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പടുതക്കുളത്തിൽനിന്ന് കണ്ടെടുത്ത കുട്ടികളെ നോക്കി ഒരു ഗ്രാമമാകെ വിതുമ്പി. വെള്ളിയാഴ്ച ഉച്ചമുതൽ ആനക്കുഴി ഗ്രാമം കുട്ടികൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇടുക്കി ജില്ല പൊലീസ് മേധാവി വേണുഗോപാൽ രാത്രി സ്ഥലത്തെത്തി പൊലീസും നാട്ടുകാരെയും ചേർത്ത് വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ നേരം പുലരുവോളം തിരച്ചിൽ തുടർന്നു. ഒടുവിൽ തണുത്തുറഞ്ഞ് വിറങ്ങലിച്ച മൃതദേഹങ്ങൾ ഏലത്തോട്ടത്തിലെ കുളത്തിൽനിന്ന് കണ്ടെടുക്കുമ്പോൾ ഏവരും വീർപ്പടക്കിനിന്നു. ഇസക്കിയമ്മയുമായി പിണങ്ങി 10 മാസത്തിലധികമായി ഭർത്താവ് അനീഷ് ബന്ധുവീട്ടിലാണ് താമസം. മാതാപിതാക്കളുടെ കലഹത്തിനിടെ കുട്ടികൾക്ക് ഏക ആശ്രയം തറവാട്ടുവീട്ടിലെ അമ്മയുടെ പിതാവ് രാജനും മാതാവ് സരസ്വതിയുമായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഇരുവർക്കും പേരക്കുട്ടികൾ ഏറെ പ്രിയപ്പെട്ടവരായിരുന്നു. പതിവുപോലെ ഉച്ചക്ക് ജോലി നിർത്തി ഭക്ഷണത്തിനു പോകുമ്പോഴാണ് സരസ്വതി, കുട്ടികെളയും ഒപ്പം കൂട്ടിയത്. കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടാണ് ഇവർ ഉച്ചകഴിഞ്ഞ് ജോലിക്ക് പോയത്. പോകുംവഴി വീട്ടിലേക്ക് വരുകയായിരുന്ന ഭർത്താവ് രാജനോട് കുട്ടികൾ വീട്ടിലുണ്ടെന്ന് പറയുകയും ചെയ്തു. രാജൻ വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഭക്ഷണം കഴിഞ്ഞ് പുറത്തേക്ക് പോയിരുന്നു. ജോലിയുടെ ക്ഷീണം കാരണം കിടന്നുറങ്ങിയ രാജൻ ഉണർന്നത് കുട്ടികളെ കാണാനിെല്ലന്ന നിലവിളികൾക്കിടയിലേക്കാണ്. പൊലീസിനും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കാടും മലയും കയറിയിറങ്ങി തിരച്ചിലിനൊടുവിൽ തിരികെ വരാത്ത അകലത്തേക്ക് കുരുന്നുകൾ പോയി മറഞ്ഞതി​െൻറ നടുക്കത്തിലാണ് രാജനും സരസ്വതിയും. തറവാട്ടുവീട്ടിൽനിന്ന് ഏറെ അകലെ യേശുദാസ് എന്നയാളുടെ ഉടമസ്ഥതയിലെ ഏലത്തോട്ടത്തിലെ കുളത്തിൽ കുട്ടികൾ എങ്ങനെയെത്തിയെന്ന് നാട്ടുകാർക്കൊപ്പം സംശയം പങ്കുവെക്കുകയാണ് രാജനും മറ്റുള്ളവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.