കുന്നത്തുകളത്തിൽ: പാപ്പർ ഹരജി നിലനിൽക്കുമെന്ന് കോടതി

കോട്ടയം: കുന്നത്തുകളത്തിൽ സ്ഥാപന ഉടമകൾ സമർപ്പിച്ച പാപ്പർ ഹരജി നിലനിൽക്കുമെന്ന് കോട്ടയം സബ് കോടതി. നേരേത്ത, ഇത്തരം സാമ്പത്തികകുറ്റങ്ങൾ കൈകാര്യം ചെയ്യാനായി സ്ഥാപിച്ച ചെന്നൈയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിൽ നിക്ഷേപകരുടെ വാദം കേട്ടശേഷം ഇതേ കോടതിയിൽ തന്നെ കേസ് പരിഗണിക്കാനാകുമെന്ന് വ്യക്തമാക്കുകയായിരുന്നു. 136 കോടിയുടെ ബാധ്യതയുണ്ടെന്ന് കാട്ടിയാണ് കുന്നത്തുകളത്തിൽ ഗ്രൂപ് ഉടമകളായ തിരുനക്കര തെക്കുംഗോപുരം ജിനോഭവൻ കെ.വി. വിശ്വനാഥനും ഭാര്യ രമണിയും ജൂൺ അവസാനം കോട്ടയം സബ് കോടതിയിൽ പാപ്പർ ഹരജി നൽകിയത്. ഇതിനുശേഷം ഒളിവിൽ പോയ ഇവരെ കഴിഞ്ഞദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, നിക്ഷേപകരുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ കെ.വി. വിശ്വനാഥ​െൻറ മകൾ നാലാം പ്രതി നീതുവും ഭർത്താവ് ഡോ. ജയചന്ദ്രനും നൽകിയ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. നീതുവിന് സ്ഥാപനങ്ങളിൽ ഉടമസ്ഥാവകാശമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്സിൽ പങ്കാളിയാണെന്ന് തെളിയിക്കുന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ കേരളയിൽനിന്നുള്ള രേഖകൾ നിക്ഷേപകരുടെ സംഘടനയായ കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ചു. സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽനിന്ന് 2.46 കോടി വായ്പയെടുത്തത് നീതുവി​െൻറ പേരിലുള്ള 20 ചെക്കുകൾ നൽകിയാണെന്നും കോടതിയെ അറിയിച്ചു. ഡോക്ടർക്ക് ഫാൻസി നമ്പറുള്ള 60 ലക്ഷം വിലവരുന്ന ആഡംബരകാർ ഉണ്ടായിരുന്നെന്നും പാപ്പർ ഹരജി നൽകുന്നതിന് മുമ്പ് അദ്ദേഹത്തി​െൻറ ജ്യേഷ്ഠന് കാർ കൈമാറിയെന്നും നിക്ഷേപകരുടെ അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. തുടർന്ന് വിധി പറയാൻ വെള്ളിയാഴ്ചയിലേക്ക് മാറ്റി. ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു. ഇതിനെതിരെ ജില്ല കോടതിയിൽ നൽകിയ അപ്പീലിൽ ശനിയാഴ്ച വാദം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.