തൊമ്മൻകുത്ത്​ വനമേഖലയിലും മാങ്കുളത്തും ഉരുൾപൊട്ടൽ

തൊടുപുഴ/മാങ്കുളം: കനത്ത മഴയെത്തുടർന്ന് തൊടുപുഴക്ക് സമീപം തൊമ്മൻകുത്ത് വനമേഖലയിലും ദേവികുളം താലൂക്കിലെ മാങ്കുളം പഞ്ചായത്തിലും ഉരുൾപൊട്ടി. മാങ്കുളം വേലിയാമ്പാറ കൊല്ലംപറമ്പിൽ ടോമിയുടെ കൃഷിയിടത്തിൽ ഉരുൾപൊട്ടി അരയേക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചു. വേലിയാമ്പാറ അംഗൻവാടിയിലും പുളിമൂട്ടിൽ ചാക്കോ, കണ്ണോത്തുകുടി ജോയി എന്നിവരുടെ വീടുകളിലും വെള്ളം കയറി. കല്ലാർ-മാങ്കുളം റോഡിൽ 12 ഏക്കർ ഭാഗത്ത് മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു. വിരിഞ്ഞപാറ റോഡിൽ മണ്ണിടിഞ്ഞ് ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കല്ലാർ-മാങ്കുളം റോഡിൽ പീച്ചാട് ഭാഗത്ത് വെള്ളം കയറി ഇതുവഴി ചെറുവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിലച്ചു. തൊമ്മൻകുത്ത് വനത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്ന് തൊമ്മൻകുത്ത് ചപ്പാത്ത് മൂടി. ഇതോടെ കരിമണ്ണൂർ-തൊമ്മൻകുത്ത് റൂട്ടിലെ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച രണ്ടരയോടെയാണ് ചപ്പാത്തിൽ നാലടിയോളം വെള്ളം ഉയർന്നത്. രാവിലെ മുതൽ കനത്ത മഴ പെയ്യുന്നതിനിടെ പുഴയിൽ വെള്ളം ഉയർന്ന് ചപ്പാത്തിൽ മുട്ടിയ നിലയിലായിരുന്നു. വാഹനങ്ങൾ വണ്ണപ്പുറത്ത് എത്തിയശേഷമാണ് തൊമ്മൻകുത്തിലേക്ക് വരുന്നത്. ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിലെ നാലുഷട്ടറുകൾ തുറന്നുവിട്ടു. ഓരോ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം ഉയർത്തിയതും മലങ്കര ജലാശയത്തിൽ ജലനിരപ്പ് ഉയരാൻ കാരണമായി. കൂടാതെ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം എന്നിവിടങ്ങളിലും വ്യാപക മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.