കോട്ടയം: കാലവർഷക്കെടുതിയിൽ വീടുകൾക്ക് ഉൾപ്പെടെ ഉണ്ടായ നഷ്ടങ്ങൾക്ക് അതിവേഗം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജു. അമയന്നൂർ മഹാത്മ കോളനിയിലെ 37 കുടുംബങ്ങളെ മാറ്റിപാർപ്പിച്ച അയർക്കുന്നം ഗവ. എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തികൾക്കും ഉണ്ടായ നാശനഷ്ടത്തിെൻറ കണക്ക് വേഗത്തിൽ തിട്ടപ്പെടുത്തി നൽകാൻ ഉദ്യോഗസ്ഥർക്ക് നിദേശം നൽകിയിട്ടുണ്ട്. പരമാവധി സഹായം സർക്കാർ നൽകും. വീട് നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിക്കും. എസ്.ടി, എസ്.ടി വികസന ഫണ്ട് ഉപയോഗിച്ച് വീടുകൾ പുനരുദ്ധരിക്കാൻ നടപടിയെടുക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദത്തിെൻറ അറിയിപ്പ് അനുസരിച്ച് നാലുദിവസംവരെ നല്ല മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ക്യാമ്പിൽ തന്നെ കഴിയണം. ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞമാസത്തെ മഴക്കെടുതിയിൽ ഇതേ ക്യാമ്പിൽ താമസിക്കവെ വെള്ളക്കെട്ടിൽവീണ് മരിച്ച പ്രസാദിെൻറ കുടുംബത്തിന് നഷ്ടപരിഹാരം ജില്ല കലക്ടർ മുഖേന നൽകുന്നതിന് നടപടി പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോനിമോൾ, ഡെപ്യൂട്ടി കലക്ടർ അലക്സ് ജോസഫ്, തഹസിൽദാർ ഗീതാകുമാരി, വില്ലേജ് ഓഫിസർ എൻ.ആർ. രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവഞ്ചൂർ ഗവ.എൽ.പി.എസിലെ ദുരിതാശ്വാസക്യാമ്പിലും വെള്ളക്കെട്ടുള്ള പൂവത്തുംമൂട് പ്രദേശത്തും മന്ത്രി സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.