മറയൂര്‍ ചന്ദന ഇ-ലേലം; സര്‍ക്കാറിന് ലഭിച്ചത് 35.5 കോടി

മറയൂര്‍: രണ്ടുദിവസങ്ങളിലായി മറയൂരിൽ നടന്ന ഇ- ലേലത്തില്‍ സര്‍ക്കാറിന് ലഭിച്ചത് 35.5 കോടി. ഇത്തവണ ലേലത്തില്‍ 237 ലോട്ടുകളിലായി 85 ടണ്‍ ചന്ദനമാണ് വെച്ചിരുന്നത്. ഇതില്‍ 50.5 ടണ്‍ ചന്ദനമാണ് വിറ്റുപോയത്. 13 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. ഇത്തവണ ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ വാങ്ങിയത് കര്‍ണാടക സോപ്‌സാണ്. ഇവര്‍ 35.22 ടണ്‍ ചന്ദനം 32 കോടി രൂപക്ക് ലേലത്തില്‍ പിടിച്ചു. കേരളത്തില്‍നിന്ന് തൃശൂര്‍ ഔഷധി 1.53 കോടി രൂപക്ക് പിടിച്ചു. ഇവര്‍ ക്ലാസ് 12ല്‍പ്പെടുന്ന മിക്‌സഡ് ചിപ്‌സും ക്ലാസ് 15ല്‍പ്പെടുന്ന സാപ്പ് വുഡും ആണ് വാങ്ങിയത്. ക്ലാസ് അഞ്ചില്‍പ്പെടുന്ന ഗാട്ട് ബട്ട്ല ചന്ദനത്തിനാണ് കൂടുതല്‍ വിലയായി കിലോക്ക് 19,191 രൂപ ലഭിച്ചത്. ലേലത്തില്‍ െവച്ച മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ചന്ദന വേരുകള്‍ ( 9.515 ടണ്‍) മുഴുവന്‍ ലേലത്തില്‍ വിറ്റഴിച്ചു. കേരളത്തില്‍നിന്ന് തിരുനാവായ നവമുകുന്ദ ക്ഷേത്രം (41.68 ലക്ഷം), കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം (5.43 ലക്ഷം), തളി ദേവസ്വം (21.40 ലക്ഷം), വൈക്കം നെടുംപറമ്പില്‍ ശ്രീദുര്‍ഗ ക്ഷേത്രം (3.26 ലക്ഷം), കൊട്ടിയൂര്‍ ദേവസ്വം ( 22.19 ലക്ഷം), ആലപ്പുഴ കെ.എസ്.ടി.ഡി.സി (9.25 ലക്ഷം) എന്നീ സ്ഥാപനങ്ങളാണ് ചന്ദനം ലേലത്തില്‍ പിടിച്ചത്. ക്ലാസ് 10ല്‍പെട്ട ജയ് പൊഗല്‍ ചന്ദനം (4.091 ടണ്‍), ക്ലാസ് 11ല്‍പെട്ട ചെറിയ ചന്ദനം ( 957 കിലോ), ക്ലാസ് 12ല്‍പ്പെടുന്ന മിക്‌സഡ് ചിപ്‌സ് ( 23.44 ടണ്‍) മുഴുവനും ലേലത്തില്‍ പോയി. എന്നാല്‍, ക്ലാസ് 6ല്‍പ്പെട്ട ബാഗ് റദാദ് ചന്ദനം 22.998 ടണ്‍ ലേലത്തില്‍ െവച്ചത് ഒരു കിലോ പോലും ലേലത്തില്‍ പോയില്ല. മറ്റ് മേഖലകളില്‍നിന്നും കൊണ്ടുവന്ന ടാന്‍സാനിയന്‍ ചന്ദനം (1870 കിലോ), ക്ലാസ് 13ല്‍പ്പെട്ട സോഡസ്റ്റ് (239.8 കിലോ) എന്നിവയും ലേലത്തില്‍ പോയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.