കട്ടപ്പന: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയെയും മാതാവ് രമാദേവിയെയും സഹോദരി ശ്രുതിയെയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് സിനിമക്കാർക്കിടയിലെ പ്രമുഖനായ സ്വാമി. ഇയാൾ പൊലീസ് വലയിലായതായി സൂചന. സിനിമ-സീരിയൽ രംഗത്തെ പല പ്രമുഖർക്കും ഇയാൾ വഴി കള്ളനോട്ട് സംഘവുമായി ബന്ധമുള്ളതായാണ് പൊലീസിെൻറ സംശയം. പുതിയ സിനിമ-സീരിയൽ ചിത്രീകരണത്തിെൻറ പൂജ നടത്തുന്ന സ്വാമി ഈ ബന്ധം കള്ളനോട്ട് ഇടപാടിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി രമാദേവിയുടെ വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് സ്വാമി ഇവരെ കള്ളനോട്ട് ഇടപാടിലേക്ക് ആകർഷിച്ചത്. 1996ൽ വിദേശത്തുെവച്ച് രമാദേവിയുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു. അന്ന് മികച്ച സാമ്പത്തിക അടിത്തറയുണ്ടായിരുന്ന ഇവർ പണം പലിശക്ക് കൊടുത്താണ് കഴിഞ്ഞിരുന്നത്. ഓപറേഷൻ കുബേരയെ തുടർന്ന് കൊടുത്ത ഒരുകോടിയിലധികം തിരികെ കിട്ടാതെ വന്നു. സാമ്പത്തിക പ്രതിസന്ധി മാറാനും നഷ്ടപ്പെട്ട പണം തിരികെ കിട്ടാനും പൂജ നടത്താൻ ആലോചിക്കുന്നതിനിടെയാണ് സ്വാമിയുമായി പരിചയപ്പെടുന്നത്. തുടർന്നാണ് ഇയാൾ അണക്കരയിൽ പിടിയിലായ ലിയോയും രവീന്ദ്രനുമടങ്ങുന്ന മൂവർ സംഘത്തിന് നടിയെയും കുടുബത്തെയും പരിചയപ്പെടുത്തിയത്. കള്ളനോട്ട് അടിക്കാനുള്ള ചെലവിനായി 5,36,000 രൂപ രമാദേവിയിൽനിന്ന് രവീന്ദ്രനും സംഘവും വാങ്ങി. തുടർന്ന് ആന്ധ്രയിൽനിന്ന് നോട്ട് അടിക്കാനുള്ള യന്ത്രങ്ങൾ പ്രതികൾ വാങ്ങി. ബംഗളൂരുവിൽനിന്ന് നോട്ടിെൻറ ത്രഡ് നിർമാണത്തിന് ആവശ്യമായ സാമഗ്രികളും പേപ്പറും വാങ്ങി രമാദേവിയുടെ കൊല്ലത്തെ വീട്ടിൽ എത്തിച്ചു. 2017 സെപ്റ്റംബർ മുതലാണ് നോട്ടടിക്കാൻ തുടങ്ങിയത്. ഇങ്ങനെ അച്ചടിച്ചതും ഭാഗിക നിർമാണം പൂർത്തിയായതുമായ 57 ലക്ഷം രൂപയാണ് കൊല്ലത്തെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തത്. നിർമാണം പൂർത്തിയാക്കിയ 200 രൂപയുടെ 2.19 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘത്തലവൻ രവീന്ദ്രനെയും ലിയോയെയും കൃഷ്ണകുമാറിനെയും അണക്കരയിൽനിന്ന് പൊലീസ് പിടികൂടിയത്. വിശദ അന്വേഷണത്തിലാണ് സീരിയൽ നടിയുടെ വീട്ടിലെ റെയ്ഡും അറസ്റ്റും. ചൊവ്വാഴ്ച അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനി 12ലേറെ പേർ പിടിയിൽ ആകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.