റെയിൽപാത ഇരട്ടിപ്പിക്കൽ; വെള്ളമെടുക്കാനെത്തിയ ട്രാക്​ടർ തോട്ടിൽ​ മറിഞ്ഞ്​ ഡ്രൈവർ മരിച്ചു

കോട്ടയം: ചിങ്ങവനത്ത് റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി വെള്ളമെടുക്കാനെത്തിയ ട്രാക്ടർ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തലകീഴായി ട്രാക്‌ടറിനടിയിൽ 10 മിനിറ്റോളം കുടുങ്ങിയ ആന്ധ്ര നെല്ലൂർ സ്വദേശി രാമുവാണ് (26) മരിച്ചത്. അയൽവാസിയും ഗൾഫിൽ ഡ്രൈവറുമായ അനീഷാണ് വെള്ളത്തിനടിയിൽനിന്നും രാമുവിനെ പുറത്തെടുത്തത്. ചൊവ്വാഴ്ച രാവിലെ 11ന് കുറിച്ചി-കൈനടി റൂട്ടിൽ തകിടിയേൽ പള്ളിക്കുസമീപം നടപ്രം തോട്ടിലായിരുന്നു അപകടം. കുറിച്ചി മന്ദിരത്തിന് സമീപം റെയിൽവേ മേൽപാല നി‌ർമാണത്തിന് ഈ തോട്ടിൽനിന്നാണ് വെള്ളമെടുത്തത്. പതിവുപോലെ വെള്ളമെടുക്കാനെത്തിയ രാമുവിനൊപ്പം മധ്യപ്രദേശ് സ്വദേശിയായ സഹായിയുമുണ്ടായിരുന്നു. തോട്ടിലെ കൈവരിയിലൂടെ വരുന്നതിനിടെ തിട്ട ഇടിഞ്ഞ് ട്രാക്‌ടർ വെള്ളത്തിലേക്ക് തലകീഴായി മറിഞ്ഞ് രാമു അടിയിൽ കുടുങ്ങി. സഹായിയും അയൽവാസികളായ വീട്ടമ്മമാരും ബഹളംവെച്ചതോടെ അയൽവാസി അനീഷ് ഒാടിയെത്തി തോട്ടിലേക്ക് എടുത്തുചാടി. അടിത്തട്ടിലെ ചെളിയിൽ മുഖം പൂണ്ടുപോയ രാമുവിനെ കരക്കെത്തിച്ച് അനീഷ് കാറിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ചങ്ങനാശ്ശേരിയിൽനിന്നും കോട്ടയത്തുനിന്നും എത്തിയ അഗ്നിശമനസേന അധികൃതരും പൊലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് ട്രാക്‌ടർ ഉയർത്തിമാറ്റിയത്. ചിങ്ങവനം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.