ഓൺലൈൻവഴി കുരുമുളക് വാങ്ങി തട്ടിപ്പ്​: ഒരാൾ അറസ്​റ്റിൽ

കുമളി: ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരായെത്തി, ലക്ഷങ്ങളുടെ കുരുമുളക് വാങ്ങി തട്ടിപ്പു നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് പഴനി സ്വദേശി മുഹമ്മദ് യൂനുസ് അലിയാണ് (30) പിടിയിലായത്. നേരേത്ത ഇത്തരത്തിൽ തട്ടിപ്പ് നടത്തി മുങ്ങിയ സംഘത്തിൽ ഉൾപ്പെട്ട ഇയാൾ കുമളിയിലെ വ്യാപാരി മറ്റൊരു പേരിൽ നൽകിയ കച്ചവട വാഗ്ദാനം വിശ്വസിച്ച് വീണ്ടുമെത്തിയപ്പോഴായിരുന്നു പിടിവീണത്. തട്ടിപ്പിനെത്തിയ രണ്ടുപേരിൽ പെട്ടതാണ് യൂനുസ് അലി. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. കുമളി തേക്കടി കവലയിലെ അൽറബി എന്ന സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ആറ് ലക്ഷത്തി​െൻറ കുരുമുളക് ഊട്ടി മേട്ടുപ്പാളയത്തെ സൺ ട്രേഡേഴ്സ് വാങ്ങിയത്. 1050 കിലോ കുരുമുളക് കട ഉടമ മുഹമ്മദ് യാഷിഖ് മേട്ടുപ്പാളയത്ത് എത്തിക്കുകയായിരുന്നു. കുരുമുളക് നൽകിയ ദിവസം അര ലക്ഷം രൂപ നേരിട്ടും പിന്നീട്, അര ലക്ഷം രൂപ ബാങ്ക് വഴിയും തട്ടിപ്പുകാർ കൈമാറി. ബാക്കി അഞ്ചു ലക്ഷം പിറ്റേ ദിവസം നൽകാമെന്ന് ഉറപ്പും നൽകി. എന്നാൽ, പിറ്റേന്ന് പണം വാങ്ങാൻ മുഹമ്മദ് യാഷിഖ് എത്തിയപ്പോഴേക്കും കട പൂട്ടി തട്ടിപ്പുകാർ സ്ഥലം വിട്ടിരുന്നു. തുടർന്ന് മേട്ടുപ്പാളയം പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ്, തട്ടിപ്പുസംഘം സൺ എൻറർപ്രൈസ്, പഴനി എന്ന പേരിൽ വീണ്ടും കുരുമുളക്, ഏലക്ക, കശുവണ്ടി എന്നിവ വാങ്ങാൻ രംഗത്തെത്തിയത്. 1500 കിലോ കുരുമുളക്, 500 കിലോ ഏലക്ക, 500 കിലോ കശുവണ്ടി എന്നിവയാണ് സംഘം ആവശ്യപ്പെട്ടത്. ഉദ്ദേശം 20 ലക്ഷം വില പറഞ്ഞ് ഉറപ്പിച്ചതോടെ സാധനങ്ങൾ വാങ്ങാൻ സംഘത്തിലെ രണ്ടുപേർ എത്തി. വ്യാപാര സ്ഥാപനം കുമളിയിലെന്നത് മറച്ചുവെച്ച് ആനവിലാസത്താണെന്ന് പറഞ്ഞാണ് ഇവരെ വരുത്തിയത്. രണ്ടുപേരും എത്തിയതോടെ കട ഉടമ പൊലീസിൽ വിവരം അറിയിച്ചു. അതിനിടെ സംഘത്തിലെ രണ്ടാമൻ സതീഷ് മുങ്ങി. നിലവിൽ ഇയാൾക്കെതിരെ കേസില്ലാത്തത് പൊലീസിനെ കുഴക്കി. എന്നാൽ, കുരുമുളക് വാങ്ങി പണം നൽകാനുണ്ടെന്ന് പിടിയിലായ യൂനുസ് അലി സമ്മതിച്ചതോടെ വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായത്. ആറ് ലക്ഷം രൂപയുടെ കുരുമുളക് തട്ടിപ്പു സംഘത്തിനു നൽകിയെങ്കിലും പണമിടപാടി​െൻറ രേഖ കൈവശമില്ലാത്തതാണ് വ്യാപാരിയെയും ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കി. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.