കട്ടപ്പനയിൽ എ.ടി.എം തട്ടിപ്പ്​; വിമുക്ത ഭടനിൽനിന്ന് 18,000 രൂപ തട്ടിയെടുത്തു

കട്ടപ്പന: പുതുതായി ലഭിച്ച എ.ടി.എം കാർഡ് പ്രവർത്തനക്ഷമമാക്കാനെന്ന വ്യാജേന ഫോണിൽ വിളിച്ചശേഷം ഒ.ടി.പി നമ്പർ സംഘടിപ്പിച്ച് വിമുക്ത ഭടനിൽനിന്ന് 18,000 രൂപ തട്ടിയെടുത്തതായി പരാതി. കട്ടപ്പന കൊച്ചുതോവാള മുളയ്ക്കകുന്നേൽ എം.എച്ച്. ശശികുമാറിനാണ് പണം നഷ്ടപ്പെട്ടത്. കട്ടപ്പന എസ്.ബി.ഐ ശാഖയിൽനിന്ന് പുതുതായി അനുവദിച്ച കാർഡ് പ്രവർത്തനക്ഷമമാക്കാനാണെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. രണ്ടുമാസം മുമ്പാണ് പുതിയ കാർഡ് അനുവദിച്ചത്. അത് പ്രവർത്തനക്ഷമമാക്കാൻ പ്രധാന ഓഫിസിൽനിന്ന് വിളിക്കുമ്പോൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ മറുപടി പറയണമെന്നും ബാങ്കിൽനിന്ന് വ്യക്തമാക്കിയിരുന്നു. അതിനുശേഷം ഇൻറർനെറ്റി​െൻറ സഹായത്തോടെ കാർഡ് പ്രവർത്തനക്ഷമമാക്കി നേവൽ ബേസിലെത്തിയ ശശികുമാർ ഇടപാട് നടത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ഒരാഴ്ച കഴിഞ്ഞപ്പോൾ കാർഡ് പ്രവർത്തനക്ഷമമായില്ലേയെന്ന് അന്വേഷിച്ച് ബാങ്കി​െൻറ കസ്റ്റമർ കെയറിൽനിന്നാണെന്ന് ധരിപ്പിച്ച് ഫോൺ വിളിയെത്തി. വൈകാതെ പ്രവർത്തനക്ഷമമാകുമെന്ന് ധരിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച വീണ്ടും വിളിച്ച് കാർഡി​െൻറ ഇരുപുറത്തെയും നമ്പറുകൾ കൃത്യമായി പറയാൻ പറഞ്ഞശേഷം ഫോണിലേക്ക് വരുന്ന മെസേജിലെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ഏതാനും തവണ നമ്പർ നൽകിയെങ്കിലും ശരിയായില്ലെന്നുപറഞ്ഞ് ഫോൺ വിച്ഛേദിച്ചു. ഞായറാഴ്ച ഉച്ചക്ക് 12ഓടെ വീണ്ടും വിളിച്ച് പുതിയ കാർഡ് പ്രവർത്തനക്ഷമമാക്കാൻ സാധിക്കില്ലെന്നും എ.ടി.എം കാർഡിലേക്ക് പുതിയ കാർഡിലെ സൗകര്യങ്ങൾ മാറ്റി നൽകാമെന്നും ധരിപ്പിച്ചു. ഇരു കാർഡുകളുടെയും രണ്ടുവശത്തെയും നമ്പറുകൾ പറഞ്ഞ് വിശ്വാസം നേടുകയും ചെയ്തു. തുടർന്നാണ് ഫോണിലേക്ക് വരുന്ന വൺ ടൈം പാസ്‌വേഡ് നൽകാൻ ആവശ്യപ്പെട്ടത്. അത് നൽകിയതോടെ ഫോൺ വിേച്ഛദിക്കുകയും ഏതാനും മിനിറ്റുകൾക്കുശേഷം രണ്ടുതവണയായി 5000 രൂപ വീതവും രണ്ടുതവണയായി 4000 രൂപ വീതവും പിൻവലിച്ചെന്ന് കാണിച്ച് മൊബൈലിലേക്ക് അറിയിപ്പ് എത്തുകയുമായിരുന്നു. വിളിച്ചയാളുടെ നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഉടൻ ബാങ്ക് മാനേജറെ ബന്ധപ്പെടുകയും തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.