കോട്ടയം: സമരം തുടരുന്ന സ്വകാര്യ ബസുകൾക്ക് കാരണംകാണിക്കൽ നോട്ടീസ്. പെർമിറ്റ് നിബന്ധന പാലിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ജില്ലയിൽ സർവിസ് നടത്തുന്ന 1200 ബസുകൾക്കാണ് നോട്ടീസ് നൽകിയതെന്ന് കോട്ടയം ആർ.ടി.ഒ കെ. പ്രേമാനന്ദൻ അറിയിച്ചു. ഗതാഗത കമീഷണറുടെ നിർദേശാനുസരണമാണ് നടപടി. കാരണം ബോധിപ്പിക്കാത്ത ബസുടമകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. പെർമിറ്റ് റദ്ദാക്കുന്നതടക്കം നടപടികൾ സ്വകീരിക്കാനാണ് സർക്കാർ നിർദേശം. നാലുദിവസം പിന്നിടുന്ന ബസ് സമരം ജനങ്ങളെ വലക്കുകയാണ്. പരീക്ഷ വേളയിൽ ആരംഭിച്ച സമരത്തിൽ വിദ്യാർഥികളും ദുരിതത്തിലാണ്. വീണ്ടുമൊരു ചാർജ് വർധന സർക്കാറിെൻറ പരിഗണനയിൽ ഇല്ലെന്നും ചർച്ചയിൽ ഇത്തരം ഒരുനിർദേശം അംഗീകരിക്കില്ലെന്നും ഗതാഗത കമീഷണർ 'മാധ്യമ'ത്തോട് പറഞ്ഞു. സ്വകാര്യ ബസുകൾ മാത്രമുള്ള മലയോര മേഖലകളിൽ ജനംനേരിടുന്ന യാത്രദുരിതം പരിഹരിക്കാൻ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതായി കെ.എസ്.ആർ.ടി.സിയും അറിയിച്ചു. കോട്ടയം, പൊൻകുന്നം, പാല, എരുമേലി, വൈക്കം, ചങ്ങനാശ്ശേരി, ഇൗരാറ്റുപേട്ട ഡിപ്പേകളിൽനിന്നാണ് കൂടുതൽ സർവിസ് നടത്തുന്നത്. എന്നാൽ, ബസുകളുടെ എണ്ണം പരിമിതമാണെന്നും യാത്രക്കാരുടെ ആവശ്യത്തിന് അനുസൃതമായി ബസുകൾ കിട്ടുന്നില്ലെന്നും മലയോര നിവാസികൾ പറഞ്ഞു. ബസ് സമരം മുതലെടുത്ത് സമാന്തര സർവിസുകളും നിരത്ത് കൈയടക്കുകയാണ്. പലരും യാത്രക്കാരിൽനിന്ന് അമിതനിരക്ക് വാങ്ങുന്നതായുള്ള പരാതികളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.