വിദ്യാർഥികൾക്ക്​ ദുരിതം സമ്മാനിച്ച്​ ബസ്​ സമരം

പരീക്ഷക്കെത്തിയവർ വലഞ്ഞു തൊടുപുഴ: സ്വകാര്യ ബസ് സമരം മൂലം തിങ്കളാഴ്ച വലഞ്ഞത് പരീക്ഷക്കെത്തിയ വിദ്യാർഥികൾ. പത്താം ക്ലാസുകാർക്കും പ്ലസ് വൺ വിദ്യാർഥികൾക്കും തിങ്കളാഴ്ച മോഡൽ പരീക്ഷയായിരുന്നു. ചില സ്കൂളുകളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രാക്ടിക്കലുമുണ്ടായിരുന്നു. ഹൈറേഞ്ചിലും ലോറേഞ്ചിലും വിദ്യാർഥികൾ കൂടുതലായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ബസ് സമരം ആരംഭിച്ച ദിവസങ്ങളിൽ അത്ര പ്രശ്നം തോന്നിയില്ലെങ്കിലും തിങ്കളാഴ്ച പരീക്ഷക്കും മറ്റുമായി എത്തിയത് ഏറെ കഷ്ടം സഹിച്ചാണ്. സമയത്ത് ബസ് ലഭിക്കാത്തതിനാൽ പല കുട്ടികളെയും രക്ഷിതാക്കളാണ് സ്വന്തം വാഹനങ്ങളിലും ടാക്സിയിലും സ്കൂളിലെത്തിച്ചത്. ചില കുട്ടികൾ കിലോമീറ്ററുകൾ നടന്നും എത്തി. കെ.എസ്.ആർ.ടി.സി ബസുകൾ കുറവുള്ള ഗ്രാമീണ മേഖലകളിലെ കുട്ടികളാണ് ഏറെ ദുരിതം അനുഭവിച്ചത്. രാവിലെയും വൈകീട്ടും കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്കും അനുഭവപ്പെടുന്നു. പല കുട്ടികളും രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടാൽ രാത്രി വൈകിയാണ് തിരിച്ചെത്തുന്നത്. ഇത് രക്ഷിതാക്കളിലും ആശങ്കസൃഷ്ടിക്കുന്നു. സമരം മുതലെടുത്ത് ട്രിപ് വാഹനങ്ങൾ വിദ്യാർഥികളിൽനിന്ന് കൂടുതൽ പണം വാങ്ങുന്നതായും പരാതിയുണ്ട്. തൊടുപുഴ നഗരത്തിലെ വിവിധ സ്കൂളുകളിൽ എത്തിപ്പെടാൻ വിദ്യാർഥികൾക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു. സ്കൂൾ ബസുകൾ റൂട്ടുകളിൽ പലതവണ ഒാടി. അതേസമയം, സ്കൂൾ ബസുകളുടെ സഹായം ലഭിക്കാത്തയിടങ്ങളിൽ ആൺകുട്ടികൾ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറിപ്പറ്റിയും പെൺകുട്ടികൾ രക്ഷിതാക്കളുടെ സഹായത്തിലുമാണ് സ്കൂളിലെത്തിയത്. സമരം അടിയന്തരമായി പരിഹാരിക്കാൻ നടപടിയുണ്ടാകണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു; ഈവനിങ് ക്ലാസുകൾ നിർത്തി നെടുങ്കണ്ടം: വിദ്യാർത്ഥികളുടെ ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിവരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ജില്ലയിലെ സ്കൂളുകളിലും കോളജിലും ഹാജർ നില കുറഞ്ഞു. ചില സ്കൂളുകളിൽ ഒാരോ ക്ലാസുകളിലും പത്തോ അതിലധികമോ കുട്ടികളുടെ വീതം കുറവുണ്ടായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മിക്ക സർക്കാർ സ്കൂളിനും ബസുള്ളത് ആശ്വാസമായെങ്കിലും ഇൗ സൗകര്യങ്ങളില്ലാത്ത സ്കൂളിലാണ് ഹാജർ നില തീരെ കുറഞ്ഞത്. ചില സ്കൂളുകളിൽ വൈകുന്നേരങ്ങളിൽ നടന്നുവന്ന സ്പെഷൽ ക്ലാസുകൾ തൽക്കാലത്തേക്ക് നിർത്തിവെച്ചിരുക്കുകയാണ്. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെല്ലാം സ്കൂൾ ബസുകളിലാണ് ഭൂരിഭാഗം കുട്ടികളും എത്തുന്നത്. മുള്ളരിങ്ങാട് റൂട്ടിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് സർവിസ് നടത്തിയത്. ഗ്രാമീണ മേഖലയായതിനാൽ മുള്ളരിങ്ങാട് സ്കൂളിലും മറ്റും എത്താൻ വിദ്യാർഥികൾ ഏറെ കഷ്ടപ്പെട്ടതായി അധ്യാപകർ പറയുന്നു. ഹൈറേഞ്ചിൽ വിദ്യാർഥികൾ സ്കൂളിലെത്തിയത് കാനനപാതകൾ താണ്ടി അടിമാലി: ബസ് സമരം നാലുദിവസം പിന്നിട്ടതോടെ യാത്രക്ലേശത്തിൽ ദുരിതം പേറി ഹൈറേഞ്ചിലെ വിദ്യാർഥികൾ. സ്വകാര്യബസുകൾ മാത്രം സർവിസ് നടത്തുന്ന മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, കൊന്നത്തടി, കുത്തുങ്കൽ, കാഞ്ഞിരവേലി തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളാണ് എറെ വലഞ്ഞത്. കോതമംഗലം, അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിലാണ് മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്നത്. 50 കിലോമിറ്ററിനു മുകളിലുണ്ട് ഈ സ്ഥലങ്ങളിലേക്ക് എത്താൻ. 15 കിലോമീറ്റർ കാനനപാതയിലൂടെ സഞ്ചരിച്ച് ആറാംമൈലിൽ എത്തിയാണ് തിങ്കളാഴ്ച ഇവിടെയുള്ള കുട്ടികൾ ക്ലാസിൽ വന്നത്. മോഡൽ പരീക്ഷ നടക്കുന്നതിനാൽ കാനനപാതയിലൂടെ കുറച്ച് ദൂരം നടന്നും അമിത യാത്രനിരക്ക് നൽകിയുമാണ് വിദ്യാർഥികൾ ക്ലാസിൽ എത്തിയത്. കൊന്നത്തടി, കാക്കാസിറ്റി, പൊന്മുടി, മരക്കാനം മേഖലയിലുള്ളവരും വളരെ ബുദ്ധിമുട്ടി ഓട്ടോകളിലും ജീപ്പുകളിലുമാണ് വിദ്യാർഥികളെ സ്കൂളിലെത്തിച്ചത്. ബസ് സമരം നീണ്ടാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതോടൊപ്പം ഗ്രാമപ്രദേശങ്ങളിലേക്ക് സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ചിലയിടങ്ങളിൽ ജീപ്പ് സർവിസുകൾ ഉണ്ടെങ്കിലും അമിതകൂലി വാങ്ങുന്നതായും ആക്ഷേമുണ്ട്. പണിമുടക്കിനെതിരെ ബസുടമകളിൽ ചിലർ എത്തിയത് സംഘർഷത്തിനിടയാക്കി തൊടുപുഴ: പണിമുടക്കിനെതിരെ ഏതാനും സ്വകാര്യബസുടമകള്‍ തന്നെ രംഗത്തു വന്നത് സംഘര്‍ഷത്തിലെത്തി. തിങ്കളാഴ്ച രാവിലെയാണ് ഒരു ബസ് മാത്രമുള്ള ഉടമകള്‍ സര്‍വിസ് നടത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നത്. തൊടുപുഴ- അടിമാലി - രാജക്കാട് സര്‍വിസ് നടത്തുന്ന ചന്ദ്ര ബസ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിൽ സർവിസിനായി എത്തുകയും ചെയ്തു. എന്നാല്‍, ബസുടമകളുടെ നേതൃത്വത്തില്‍ തടഞ്ഞു. സര്‍വിസ് നടത്തുമെന്ന് ഉടമയും തടയുമെന്ന് സമരക്കാരും പറഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിെട, യാത്രക്കാരും സര്‍വിസ് നടത്തുന്ന ബസുകാര്‍ക്ക് അനുകൂലമായി. പൊലീസ് സംഭവസ്ഥലത്തെത്തി ബസ് കടത്തിവിടുകയായിരുന്നു. തിങ്കളാഴ്ച മുതൽ ചിലയിടങ്ങളിൽ ഹ്രസ്വദൂര ബസുകള്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഫോേട്ടാ ക്യാപ്ഷൻ TDL9 തൊടുപുഴ സ്വകാര്യ സ്റ്റാൻഡിൽ വൈകുന്നേരം ഏറെ വൈകിയും ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളടക്കമുള്ളവരുടെ തിരക്ക് TDL10 കാലുകുത്താനൊരിടം തരുമോ... യാത്രക്കാരാൽ നിറഞ്ഞ കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ ശ്രമിക്കുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.