കുടിവെള്ള ലോറി ഓട്ടോ‍യിലിടിച്ച് വീട്ടമ്മ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

കോരുത്തോട്: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കുടിവെള്ളവുമായി പോയ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്രചെയ്തിരുന്ന പുഞ്ചവയൽ മാങ്ങാപേട്ട കാഞ്ഞിരംതൊട്ടിയിൽ ഭാസ്കര​െൻറ ഭാര്യ തങ്കമ്മയാണ് (62) മരിച്ചത്. ലോറി ഡ്രൈവർ കോരുത്തോട് വലിയപുരയ്ക്കൽ രാമചന്ദ്രൻ (52), മകൻ അഭിനവ് (എട്ട്), ലോറിയിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ കോരുത്തോട് പുള്ളോലിൽ സുനിൽകുമാർ (40), ഓട്ടോ ഡ്രൈവർ കോരുത്തോട് പഴംപുരയ്ക്കൽ ഷാജി (35), വഴിയാത്രക്കാരി കോരുത്തോട് തടത്തിൽ രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.15ന് കോരുത്തോട് ടൗണിലാണ് അപകടം. ആലുവയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കുടിവെള്ളവുമായി പോവുകയായിരുന്ന എരുമേലി സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. വനം വകുപ്പി​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിജലം കുപ്പിവെള്ള ഫാക്ടറികളിൽനിന്ന് ജാറുകളിലും കുപ്പികളിലുമായുള്ള വെള്ളം കൊണ്ടുപോവുകയായിരുന്നു. കോരുത്തോട് ഭാഗത്തേക്ക് വരുന്നതിനിടെ വില്ലേജ് ഓഫിസിന് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ടമായി. വഴിയരികിൽ നിർത്തിയിട്ട ഓട്ടോയിലും മരത്തിലും ഇടിച്ച ലോറി റേഷൻകടക്ക് മുന്നിൽ നിർത്തിയിട്ട കാറിലും മറ്റൊരു ഓട്ടോയിലും ഇടിക്കുകയും പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങളുടെ പുറത്തേക്ക് മറിയുകയുമായിരുന്നു. റേഷൻ കടക്ക് മുന്നിൽ നിർത്തിയിട്ട ഷാജിയുടെ ഓട്ടോയിൽ ഇരിക്കുകയായിരുന്നു തങ്കമ്മ. ഇതുവഴി നടന്നുവന്ന രാധാമണിയെയും ഇടിച്ചശേഷമാണ് ലോറി മറിഞ്ഞത്. നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിൽ യാത്രക്കാർ ഇല്ലായിരുന്നു. കാറും ഓട്ടോയും പൂർണമായും തകർന്ന് സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിച്ചു. ലോറി ഡ്രൈവർ രാമചന്ദ്രൻ മകൻ അഭിനവിനെ കോരുത്തോട് ടൗണിൽ ഇറക്കാനാണ് ലോറിയിൽ കയറ്റിയത്. അഭിനവി​െൻറ പരിക്ക് ഗുരുതരമാണ്. ആലുവയിൽ വെള്ളം പൊങ്ങിയപ്പോൾ ദിവസങ്ങളോളം വെള്ളത്തിൽ കിടന്ന ലോറി കേടുപാടുകൾ തീർത്താണ് വ്യാഴാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്. ലോറിയുടെ ആക്സിലറേറ്റർ ചവിട്ടിയപ്പോൾ ഉടക്കിയതിനെ തുടർന്ന് അനങ്ങാതിരുന്നതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. തങ്കമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മകൾ: ഉഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.