കോട്ടയം: പേമാരിയും വെള്ളപ്പൊക്കവും ശമിച്ചെങ്കിലും സർവിസുകൾ പൂർണതോതിലാക്കാൻ കഴിയാതെ കെ.എസ്.ആർ.ടി.സി. വെള്ളപ്പൊക്കത്തിൽ കുടുങ്ങി പല ഡിപ്പോകളിലും പകുതിയിലധികം ജീവനക്കാർ ഡ്യൂട്ടിക്കെത്തിയില്ല. ചിലയിടത്ത് പത്തും ഇരുപതും പേർ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ദീർഘദൂര സർവിസുകൾ പുനരാരംഭിക്കാൻ ഡിപ്പോകൾക്ക് ഞായറാഴ്ച ചീഫ് ഒാഫിസിൽനിന്ന് അടിയന്തര നിർദേശം നൽകിയെങ്കിലും കൂടുതലിടത്തും സർവിസ് പഴയ ഗതിയിൽ തന്നെയാണ്. മഴക്കെടുതി പൂർണമായും മാറാത്ത സാഹചര്യത്തിൽ വാഹനം ഒാടിക്കുന്നതിൽനിന്ന് ചിലർ മനഃപൂർവം വിട്ടുനിൽക്കുകയാണെന്ന സൂചനകളും ഡിപ്പോ അധികൃതർ നൽകുന്നു. കോട്ടയം ഡിപ്പോയിൽനിന്ന് പല ദീർഘദൂര സർവിസുകളും ഞായറാഴ്ച ആരംഭിച്ചില്ല. 200 ജീവനക്കാരിൽ ഞായറാഴ്ച എത്തിയത് നൂറിൽതാഴെ മാത്രമാണ്. 90 ബസിൽ ഒാടിയത് 30-40 എണ്ണവും. ഇൗരാറ്റുപേട്ട-പാല-എരുമേലി-ചങ്ങനാശ്ശേരി ഡിപ്പോകളിലും കാര്യമായി സർവിസ് നടന്നില്ല. എരുമേലയിൽനിന്ന് ഒരു ബസും മറ്റിടങ്ങളിൽനിന്ന് പതിനഞ്ചോളം ബസുകളുമാണ് ഒാടിയത്. മൂവാറ്റുപുഴ-അങ്കമാലി-തൃശൂർ-കോഴിക്കോട് സർവിസുകളും പലയിടത്തും ആരംഭിച്ചില്ല. പത്തനംതിട്ടയിലും സ്ഥിതി ഇതുതന്നെ. പല സർവിസുകളും നടന്നില്ല. എന്നാൽ, തിരുവനന്തപുരം റൂട്ടിൽ ബസുകൾ ഒാടി. നെടുംകണ്ടം-കുമളി ഡിപ്പോകളിൽനിന്നും സർവിസ് തുടങ്ങിയിട്ടില്ല. മധ്യകേരളത്തിൽ പലയിടത്തും സ്വകാര്യ ബസുകളും സർവിസ് മുടക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ആെകയുള്ള 1200 സ്വകാര്യ ബസുകളിൽ 250 എണ്ണമാണ് നിരത്തിലുള്ളത്. ദീർഘദൂര-അന്തർജില്ല സർവിസുകളൊന്നും ഒാടുന്നില്ല. യാത്രക്കാരില്ലെന്ന പേരിലാണ് സ്വകാര്യ ബസുകൾ സർവിസ് പുനരാരംഭിക്കാത്തത്. മുണ്ടക്കയം-കാഞ്ഞിരപ്പള്ളി-കൂട്ടിക്കൽ-എരുമേലി തുടങ്ങിയ റൂട്ടുകളിലൊന്നും ബസുകൾ പൂർണതോതിൽ ഒാടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.