തൊടുപുഴ: ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മലവെള്ളം കുത്തിയൊഴുകിയും തകർത്തെറിഞ്ഞ ഇടുക്കിയിലെ റോഡുകളിൽ ഗതാഗതം നിലച്ചിട്ട് ആറു ദിവസം. അതിനിടെ കുറച്ച് ബസുകൾ ഒാടിത്തുടങ്ങിയത് ഞായറാഴ്ച. ഇതാകെട്ട പത്തിൽ താഴെ റൂട്ടിൽ മാത്രം. പ്രധാന റൂട്ടുകളിൽ ഇതുവരെ പൂർണതോതിൽ ഗതാഗതം സാധ്യമായിട്ടില്ല. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലിയിൽനിന്ന് കോതമംഗലം വരെ 50 കിലോമീറ്ററാണ് തുറന്നുകിട്ടിയത്. മൂന്നാറിലേക്കും വെള്ളത്തൂവൽ, രാജാക്കാട്, പൂപ്പാറ, തേനി മേഖലയിലേക്കും റോഡുകൾ തീർത്തും തകർന്നുകിടക്കുകയാണ്. ഇവിടേക്കൊന്നും ഉടൻ ബസുകൾ ഒാടില്ല. അടിമാലി-കട്ടപ്പന റൂട്ടിലും വാഹനങ്ങൾ ഒാടി തുടങ്ങാൻ സമയമെടുക്കും. ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്ന് ചെറുതോണി പാലം ദിവസങ്ങളോളം കവിഞ്ഞൊഴുകിയ പശ്ചാത്തലത്തിൽ ബലക്ഷയം സംഭവിച്ചിരിക്കാമെന്നതിനാൽ വിദഗ്ധ പരിശോധനക്കുശേഷമേ കട്ടപ്പന റോഡിൽ ഗതാഗതം പുനരാരംഭിക്കൂ. ഇടിഞ്ഞും ഒലിച്ചുപോയും റോഡുകൾ നാമാവശേഷമായ ഇടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കൽ എളുപ്പമാകില്ല. തൊടുപുഴ-മൂലമറ്റം, തൊടുപുഴ-പാല റൂട്ടിൽ ഗതാഗതം ആരംഭിച്ചു. മൂന്നാറും തേക്കടിയുമടക്കം ടൂറിസ്റ്റ് സേങ്കതങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിൽ തുടരുകയാണ്. നിശ്ചലമായ വിനോദസഞ്ചാരമേഖല ഗതാഗതം തുടങ്ങാതെ സജീവമാകില്ല. കുറുഞ്ഞികാലത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് സന്ദർശകരാണ് ആഗസ്റ്റ് അവസാനത്തോടെ മൂന്നാറിൽ എത്താൻ മുറികൾ ബുക്ക് ചെയ്തിരുന്നത്. എല്ലാം തകർത്താണ് മഴ കനത്തതും മണ്ണിടിച്ചിൽ വ്യാപകമായതും. വിനോദ സഞ്ചാരികൾ പലരും റിസോർട്ടുകളിൽ കുടുങ്ങുകയും ചെയ്തു. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര മേഖലയായ രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങൾ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. അറ്റുകാട് വെള്ളച്ചാട്ടങ്ങൾ ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചിലിൽ തകർന്നതോടെ ഇവിടെയും സന്ദർശകർക്ക് എത്താൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.