ഇടുക്കിയിൽ മാനം തെളിഞ്ഞു; ദുരിതം ബാക്കി

തൊടുപുഴ: േതാരാമഴക്ക് അൽപം ശമനമേകി ഇടുക്കിയിൽ പലയിടത്തും മാനം തെളിഞ്ഞു. എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഞായറാഴ്ചയുമുണ്ടായി. കുമളിയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ട്. ഗതാഗതം പുനരാരംഭിക്കാൻ ഒട്ടുമിക്ക മേഖലയിലും കഴിയാത്തതിനാൽ മലയോരം ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. അതിനിടെ ഉരുൾപൊട്ടി മണ്ണിനടിയിലാകുകയോ മലവെള്ളത്തിൽ ഒലിച്ചുപോകുകയോ ചെയ്തവർക്കായി രക്ഷാപ്രവർത്തകർ ഞായറാഴ്ച നടത്തിയ തിരച്ചിൽ വിഫലമാകുകയായിരുന്നു. ജില്ലയിൽ വിവിധ ഇടങ്ങളിലായി 42 പേർ മരിച്ച ഉരുൾപൊട്ടലിൽ 13 പേരെയാണ് കാണാതായത്. വെള്ളത്തൂവൽ, പെരിയാർവാലി, ഗാന്ധിനഗർ കോളനി എന്നിവിടങ്ങളിലുള്ളവരെയാണ് കണ്ടെടുക്കാനുള്ളത്. അതേസമയം, ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ലാത്തതിനാൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞ നിലയിലും. ഡാമുകൾ കൂടുതൽ തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞേക്കാമെന്ന സ്ഥിതിയുമുണ്ട്. ഉരുൾപൊട്ടൽ മേഖലയിലും അപകടമുണ്ടായിടത്തും മണ്ണിടിച്ചിൽ തുടരുന്നതും തകരാറിലായ വൈദ്യുതി-ടെലിഫോൺ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനാകാത്തതിനാലും ജില്ലയിൽ ഭീതി ഒഴിഞ്ഞിട്ടില്ല. ഞായറാഴ്ചയും ചിലയിടങ്ങളിൽ മണ്ണിടിഞ്ഞു. അപൂർവമായി ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ മേഖലകളിൽ പൂർണമായി നിലച്ചിരിക്കുകയാണ്. മിക്ക ബാങ്കുകളും പോസ്റ്റ് ഒാഫിസും വിവിധ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളും ദിവസങ്ങളായി തുറന്നിട്ടില്ല. വ്യാപാര സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ഒറ്റപ്പെട്ട നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.