കോട്ടയം മെഡിക്കൽ കോളജിൽ ഓക്സിജൻ ക്ഷാമം: നൂറിലധികം ശസ്ത്രക്രിയകൾ മാറ്റി; പ്രധാന തിയറ്റർ പൂട്ടി

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടർ ലഭിക്കാത്തതിനാൽ വിവിധ വകുപ്പുകളിലായി നൂറിലധികം ശസ്ത്രക്രിയകൾ മാറ്റി. ഹൃദയശസ്ത്രക്രിയ, പീഡിയാട്രിക് സർജറി, ഗൈനക്കോളജി, ജനറൽ സർജറി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളിൽ മുൻകൂട്ടി തീയതി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് മാറ്റിയത്. എന്നാൽ, കാർഡിയോളജി (ഹൃദ്രോഗം) വിഭാഗത്തിൽ ആൻജിയോഗ്രാം ചെയ്യാൻ ഓക്സിജൻ ആവശ്യമില്ലാത്തതിനാൽ പ്രശ്നമില്ലെന്ന് ഈ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നു. ദ്രാവക ഓക്സിജനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ ഉപയോഗിക്കുന്നത്. റോഡ് തടസ്സങ്ങളെ തുടർന്ന് ഓക്സിജൻ നിറച്ച വാഹനങ്ങൾക്ക് എത്താനായില്ല. വെള്ളിയാഴ്ച വൈകീട്ട് കോട്ടയം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ചില സ്വകാര്യ ഏജൻസികൾ പൂഴ്ത്തിെവച്ചിരുന്ന നിരവധി സിലണ്ടറുകൾ പിടിച്ചെടുത്ത് മെഡിക്കൽ കോളജിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജിന് ഓക്സിജൻ സിലിണ്ടർ നൽകിയിരുന്ന പൂവൻതുരുെത്ത സ്വകാര്യ ഏജൻസിപോലും നൽകിയില്ല. തുടർന്നായിരുന്നു ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സിലണ്ടർ പിടിച്ചെടുത്തത്. ശനിയാഴ്ച ഒരു ലോറി ദ്രാവക ഓക്സിജൻ മെഡിക്കൽ കോളജിൽ എത്തി. വെള്ളിയാഴ്ചയും ഒരു ലോറി സിലിണ്ടർ എത്തിയിരുന്നു. ഇവ അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനും തീവ്രപരിചരണ വിഭാഗത്തിലേക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗതാഗത തടസ്സം നീങ്ങിയാലേ ഓക്സിജൻ വാഹനങ്ങൾ എത്തൂവെന്നും പ്രതിസന്ധി രൂക്ഷമാകാതെ ദൈനംദിന പ്രവർത്തനം സുഗമമാക്കാനുള്ള സംവിധാനം സജ്ജീകരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.