മഴക്ക്​ നേരിയ ശമനം; ജലനിരപ്പ്​ താഴാതെ പമ്പയും മണിമലയും മീനച്ചിലും

കോട്ടയം: മഴക്ക് അൽപം ശമനമുണ്ടായെങ്കിലും മധ്യകേരളം ഇപ്പോഴും പ്രളയഭീതിയിൽ തന്നെ. മഴയുടെ ശക്തി കുറഞ്ഞത് ദുരിതബാധിത മേഖലകളിൽ ആശ്വാസത്തിന് വകനൽകുന്നുണ്ടെങ്കിലും പുഴകളിലെ ജലനിരപ്പ് താഴാത്തത് അപ്പർകുട്ടനാട്ടിലും കുട്ടനാട്ടിലും കോട്ടയം-പത്തനംതിട്ട ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. മീനച്ചിലും മണിമലയും അച്ചൻകോവിലും അഴുതയും പമ്പയും ചെറുതോടുകളും നിറഞ്ഞൊഴുകുന്നതിനാൽ വരുംദിവസങ്ങളിൽ കുട്ടനാടും അപ്പർകുട്ടനാടും മുങ്ങുമെന്നാണ് റിപ്പോർട്ട്. നിലവിൽ കുട്ടനാട്ടിലെ സ്ഥിതി അതിഗുരുതരമാണെന്ന് സർക്കാർ വൃത്തങ്ങളും അറിയിച്ചു. പ്രാണരക്ഷാർഥം കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുകയാണ്. കിട്ടുന്ന ബോട്ടുകളിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ എത്തി. ഇവർക്കായി ജില്ല ഭരണകൂടവും നഗരസഭയും സന്നദ്ധ സംഘടനകളും സഭ നേതൃത്വവും വിപുല സംവിധാനം ഒരുക്കുന്നുണ്ട്. നാലായിരത്തോളം പേർ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. കൂടുതൽ പേരെ കോട്ടയം ജില്ലയിൽ എത്തിക്കാനാണ് അധികൃതരുെട ശ്രമം. ഇതിനായി ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, കോട്ടയത്തി​െൻറ താഴ്ന്ന പ്രദേശങ്ങളിലും പത്തനംതിട്ടയിലും രക്ഷാപ്രവർത്തനം എങ്ങും എത്തിയിട്ടില്ല. പന്തളം-ആറന്മുള-കോഴേഞ്ചരി-തിരുവല്ല-റാന്നി എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് എവിടെയും. ഇനിയും വീടൊഴിയാത്തവരും നിരവധി. പ്രധാന പാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ശനിയാഴ്ചയോടെ രക്ഷാപ്രവർത്തനം പൂർണമാകുമെന്ന് ജില്ല അധികൃതർ അറിയിച്ചു. എം.സി റോഡിലും കോട്ടയം-കുമളി, കോട്ടയം-വൈക്കം-എറണാകുളം റോഡിലും ഗതാഗതം ഭാഗികമാണ്. പന്തളത്ത് റോഡിൽ വെള്ളം നിറഞ്ഞതിനാൽ ബസ് സർവിസ് പൂർണമായി നിലച്ചു. കോട്ടയം-കുമരകം-േചർത്തല റോഡും അടച്ചു. താഴ്ന്ന പ്രദേശങ്ങളിൽ റോഡ് ഗതാഗതം പൂർണമായി തടഞ്ഞു. കോട്ടയം വഴി ഒറ്റ ട്രെയിനും ഒാടുന്നില്ല. റോഡ്-റെയിൽ-ജലഗതാഗതം അടഞ്ഞതോടെ ജനങ്ങൾ ഒറ്റപ്പെട്ടു. വെള്ളിയാഴ്ച മണ്ണിടിച്ചിലും ഉരുൾപൊട്ടലും മധ്യകേരളത്തിൽ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല. മലയോര-പടിഞ്ഞാറൻ മേഖലകൾ സാധാരണ ജീവിതത്തിേലക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. മിക്കയിടത്തും ജനജീവിതം കടുത്ത ദുരിതത്തിലാണ്. കുടിവെള്ളവും വൈദ്യുതിയും പലയിടത്തും ഇല്ല. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും വിലവർധനയും ദുരിതം ഇരട്ടിപ്പിക്കുന്നു. ഗതാഗതം നിലച്ചതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് വരവും നിലച്ചു. തമിഴ്നാട്ടിൽനിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ പച്ചക്കറി വില കുതിക്കുകയണ്. അതിജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ റാന്നിയിലും കോട്ടയത്തി​െൻറ കിഴക്കൻ മേഖലകളിലും കാര്യങ്ങൾ സുരക്ഷിതമല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മീനച്ചിൽ കരകവിഞ്ഞതോടെ വെള്ളത്തിൽ മുങ്ങിയ ഇൗരാറ്റുപേട്ടയും പാലായും സാധാരണ നിലയിലേക്ക് മടങ്ങി. കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.