ചങ്ങനാശ്ശേരി: പെരുമഴയിലും വെള്ളപ്പൊക്കത്തിലും ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖല വിറങ്ങലിച്ചു. വീടുപേക്ഷിച്ച് ആയിരക്കണക്കിനാളുകള്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടിയിരിക്കുകയാണ്. മേഖലയില്‍ പൊലീസ് വാഹനത്തില്‍ സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 2318 കുടുംബങ്ങളിലെ 9685 അംഗങ്ങള്‍ കഴിയുന്നുണ്ട്. ക്യാമ്പുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിക്കുന്നത്. ചങ്ങനാശ്ശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി, മാടപ്പള്ളി പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവന്‍ വെള്ളത്തിലാണ്. പതിനായിരക്കണക്കിനു വീടുകളിലാണ് വെള്ളം കയറിയത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യാപകമായി കൃഷി നശിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആലപ്പുഴ-ചങ്ങനാശ്ശേരി റൂട്ടില്‍ ഗതാഗതം രണ്ടു ദിവസമായി പൂർണമായി നിലച്ച നിലയിലാണ്. ചങ്ങനാശ്ശേരിയില്‍നിന്ന് എടത്വാ-അമ്പലപ്പുഴ റൂട്ടിൽ ആലപ്പുഴക്ക് നടത്തിയിരുന്ന സര്‍വിസും കൃഷ്ണപുരം-കാവാലം റൂട്ടിലും ഗതാഗതം നിലച്ചു. താലൂക്കിെൻറ പല താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പായിപ്പാട് പഞ്ചായത്തിെൻറ പടിഞ്ഞാറന്‍ മേഖലയായ കോമങ്കേരിച്ചിറ, അറുന്നൂറില്‍പുതുവല്‍, മൂലയില്‍ പുതുവല്‍, നക്രാല്‍പുതുവല്‍, പൂവം, എ.സി കോളനി, എ.സി റോഡ് കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ പൂർണമായി വെള്ളത്തിനടിയിലാണ്. വാഴപ്പള്ളി പഞ്ചായത്തിലെ കുമരങ്കരി, പറാല്‍, വെട്ടിത്തുരുത്ത്, തുരുത്ത്, നത്തനടിച്ചിറ, ചീരഞ്ചിറ, വേളാച്ചിമംഗലം, തൂപ്രം ഭാഗങ്ങള്‍ വെള്ളത്തിലാണ്. നഗരസഭ പരിധിയില്‍ കാക്കാംതോട്, മഞ്ചാടിക്കര, പുഴവാത് കുറ്റിശേരിക്കടവ്, ഹിദായത്ത്, ഹൗസിങ് ബോര്‍ഡ്, കുന്നക്കാട്, തൃക്കൊടിത്താനം പഞ്ചായത്തില്‍ കടമാന്‍ചിറ, പൊട്ടശേരി, പാമ്പുരംപാറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചേലച്ചിറ തുടങ്ങിയ ഭാഗങ്ങളിലും വീടുകളും പുരയിടവും വഴികളും വെള്ളത്തിലാണ്. മാടപ്പള്ളി പഞ്ചായത്ത് പുന്നക്കുന്ന്, നാലുകണ്ടം, കരിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. എ.സി റോഡില്‍ പൂർണമായി വെള്ളം കയറി. ആവണി, മനയ്ക്കച്ചിറ, പൂവംപാലം, പാറയ്ക്കല്‍ കലുങ്ക്, കിടങ്ങറ പെട്രോള്‍ പമ്പിനു സമീപം, കിടങ്ങറ, മുട്ടാര്‍ ജങ്ഷന്‍, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, തെക്കേക്കര, നെടുമുടി ഭാഗങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. എ.സി കനാലില്‍ നിന്ന് വെള്ളം ശക്തിയായി എതിര്‍വശത്തെ പാടശേഖരത്തിലേക്ക് ഒഴുകുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ശുദ്ധജലവും മെഡിക്കല്‍ കിറ്റുകളും വസ്ത്രം, പുതപ്പ്, പായ തുടങ്ങിയവയുമാണ് ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് അടിയന്തരമായി ആവശ്യമുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ ടൗണിലെ സ്‌കൂളുകളിലേക്ക് ക്യാമ്പ് മാറ്റാൻ റവന്യൂ വകുപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.