എരുമേലി: മഴക്കെടുതിയില്‍ പമ്പയാര്‍ കരകവിഞ്ഞതോടെ എരുമേലിയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ നാശം. ഇടകടത്തി, കണമല, മൂലക്കയം പ്രദേശത്തെ നിരവധി വീടുകളാണ് വെള്ളത്തിലായത്. ഏതാനും വീടുകള്‍ പൂർണമായി മുങ്ങി. പമ്പാനദിക്ക് കുറുകെ ഉയരത്തില്‍ നിർമിച്ചിരിക്കുന്ന കണമല പാലത്തില്‍ മുട്ടിയാണ് വെള്ളത്തിെൻറ ഒഴുക്ക്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. റോഡുകളും പാലങ്ങളും വെള്ളത്തിലായതോടെ എയ്ഞ്ചല്‍വാലി, അറയാഞ്ഞിലിമണ്ണ് പ്രദേശത്തെ ജനങ്ങള്‍ ഒറ്റപ്പെട്ടു. ഇടകടത്തി-അറയാഞ്ഞിലിമണ്ണ് പ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്ന തൂക്കുപാലം ഒഴുകിപ്പോയി. വ്യാഴാഴ്ച ഹെലികോപ്ടര്‍ സഹായത്തോടെ എയ്ഞ്ചല്‍വാലിയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിച്ചു. രോഗികളായവരെയും ഗര്‍ഭിണിയെയും ഹെലികോപ്ടറില്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എയ്ഞ്ചല്‍വാലിയില്‍ 900ത്തോളം കുടുംബങ്ങളാണ് ഉള്ളത്. ഇടകടത്തി ടി.കെ.എം.എം യു.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 67ഓളം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. പമ്പയാറ്റിലെ ഡാമുകള്‍ തുറന്നതോടൊപ്പമുണ്ടായ ഉരുള്‍പൊട്ടല്‍ ജലനിരപ്പ് പെെട്ടന്ന് ഉയരാന്‍ കാരണമായി. പലരും വീടുകളില്‍ അകപ്പെട്ടു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും ജനങ്ങളും ചേര്‍ന്നാണ് വീടുകളില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കണമല മുതൽ പ്രളയബാധിത പ്രദേശത്തേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പമ്പയാറിന് പുറമെ മണിമലയാറും വലിയതോടും കരകവിഞ്ഞതോടെ എരുമേലി ടൗണിനു സമീപത്തെ റോഡുകളും ബുധനാഴ്ച രാത്രിയോടെ വെള്ളത്തിലായി. എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രത്തിെൻറ മുറ്റത്തും നൈനാര്‍ ജുമാമസ്ജിദ് പാര്‍ക്കിങ് ഗ്രൗണ്ടിലും വെള്ളം കയറി. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കൊരട്ടിക്ക് സമീപം വെള്ളം കയറിയതോടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വഴിയിലകപ്പെട്ടു. ഓരുങ്കല്‍ കടവില്‍ കോസ്‌വേ വെള്ളത്തിലായതോടൊപ്പം സമീപത്തെ ചെറിയ കടയും ഒലിച്ചുപോയി. ഈ കോസ്‌വേയുടെ കൈവരികൾ തകര്‍ന്നു. ആമക്കുന്ന് പാലത്തിെൻറ സമീപത്തെ തിട്ടിലുകൾ ഇടിഞ്ഞതോടെ പാലത്തിന് ബലക്ഷയമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. വ്യാഴാഴ്ച കക്കിഡാമിെൻറ ഷട്ടറുകള്‍ താൽക്കാലികമായി താഴ്ത്തിയതും മഴക്ക് നേരിയ ശമനം ഉണ്ടായതും രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പ്രദേശത്തുണ്ട്. എം.പി, എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികൾ ദുരിത ബാധിതപ്രദേശങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.