ജില്ല പ്രളയത്തിൽ മുങ്ങി; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശം

കോട്ടയം: പ്രളയത്തിലും ഉരുൾെപാട്ടലിലും ജില്ലയിൽ വ്യാപകനാശം. അഞ്ച് മരണം. ഒരാളെ കാണാതായി. തീക്കോയി വെള്ളികുളത്ത് ഒരു കുടുംബത്തിലെ നാലുപേർ ഉരുൾപൊട്ടലിൽ വീടു തകർന്ന് മരിച്ചു. ചെറുതും വലുതുമായി അമ്പതിലേറെ ഇടങ്ങളിൽ ഉരുൾപൊട്ടിയപ്പോൾ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വൈക്കത്ത് തോട്ടിൽ വീണ് ഒരാൾ മരിച്ചു. മീനച്ചിൽ പഞ്ചായത്ത് ജീവനക്കാരനെ ഒറ്റയീട്ടിക്കൽ ഭാഗത്ത് കാണാതായി. തീക്കോയി പഞ്ചായത്തിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കാട്ടൂപ്പുറ, ഈരാറ്റുപേട്ട-വാഗമണ്‍ റോഡിൽ ഇഞ്ചപ്പാറ, മുപ്പതേക്കർ എന്നിവിടങ്ങളിലും ഉരുൾപൊട്ടി. താഴ്ന്നപ്രദേശങ്ങൾ പൂർണമായി വെള്ളത്തിലായി. രണ്ടരയാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ പ്രളയത്തിൽ മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകി പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി. രാത്രി വൈകിയും ജലം ഇരച്ചുകയറുകയാണ്. കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കലും തിരുവാർപ്പ് റോഡിലും വെള്ളംകയറി. കോട്ടയം ചാലുകുന്ന് സി.എൻ.െഎ ഭാഗത്ത് ഒരു വീട് തകർന്നു. പാല-പൊൻകുന്നം റൂട്ടിൽ ഗതാഗതം നിർത്തിവെച്ചു. പാലായിൽനിന്ന് കോട്ടയം, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഈരാറ്റുപേട്ടയിൽനിന്ന് വിവിധയിടങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇൗരാറ്റുപേട്ട മൂന്നാനി, ചെത്തിമറ്റം, ഇടപ്പാടി, മേരിഗിരി, അമ്പാറ, വേട്ടാളിക്കടവ്, കൊച്ചിടപാടി എന്നിവിടങ്ങളിൽ വെള്ളംകയറി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ കിഴക്കൻമേഖല പൂർണമായി ഒറ്റപ്പെട്ടു. എരുമേലിക്ക് സമീപം എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കോട്ടയത്തുനിന്ന് ഹെലികോപ്ടറിൽ ഈ പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ചുനൽകി. കൂട്ടിക്കൽ പഞ്ചായത്തി​െൻറ കിഴക്കൻ ഖേലകളിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടി. ഉറുമ്പിക്കര മേഖല ഉൾപ്പെടെ ഉരുൾപൊട്ടലിൽ തകർന്നു. തീക്കോയി പഞ്ചായത്തി​െൻറ കിഴക്കൻ മേഖലകളിലും വ്യാപക നാശമാണ് ഉരുൾപൊട്ടലുണ്ടാക്കിയത്. കെ.കെ റോഡിൽ പൊടിമറ്റത്തിനു സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കത്തോടിന് സമീപം ഒറവയ്ക്കൽ റോഡിൽ ആഞ്ഞിലി വീണ് റോഡി​െൻറ പകുതി ഭാഗം തകർന്നു. കൂട്ടിക്കൽ-താളുങ്കൽ റോഡ് വെള്ളത്തിലാണ്. ഇവിടെനിന്ന് നിരവധി കുടുംബങ്ങളെ കെ.എം.ജെ സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. മുണ്ടക്കയം മുറികല്ലുംപുറം-ആറ്റോരം ഭാഗത്ത് 52 കുടുംബങ്ങളെയും മണിമലയാറി​െൻറ തീരത്ത് പുത്തൻചന്തയിൽ 50ലധികം കുടുംബങ്ങളെയും മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. മുണ്ടക്കയം കോസ്വേ വെള്ളത്തിലാണ്. 10 അടി ഉയരത്തിൽ വെള്ളമൊഴുകി. കൂട്ടിക്കൽ ചപ്പാത്ത് കവിഞ്ഞൊഴുകി. കൂട്ടിക്കൽ, ഏന്തയാർ റോഡും വെള്ളത്തിലാണ്. ചാത്തൻപ്ലാപള്ളി ഭാഗത്ത് ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. കൊടികുത്തിയാർ കവിഞ്ഞൊഴുകുകയാണ്. നിരവധിപേരെ കുറ്റിപ്ലാങ്ങാട് സ്കൂളിലേക്ക് മാറ്റി. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുകയാണ്. പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരടിയിലേറെ കൂടുതലായി വെള്ളം കയറി. പാലാ ടൗൺ, കൊട്ടാരമറ്റം കെ.എസ്.ആർ.ടി.സി പഴയ സ്റ്റാൻഡ്, മുത്തോലി, ചേർപ്പുങ്കൽ പ്രദേശങ്ങളും ബിഷപ് ഹൗസ് ജങ്ഷൻ, അരുണാപുരം, പുലിയന്നൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. പാല-റിവ്യൂ റോഡിൽ വിള്ളൽ രൂപപ്പെട്ടു. മുൻകരുതലായി പൊലീസ് സുരക്ഷ ലൈൻ തീർത്തു. ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി നഗരസഭ പ്രദേശങ്ങളിലും മണർകാട്, അയർക്കുന്നം, കിടങ്ങൂർ, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, കുമരകം പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം ഇരച്ചെത്തുകയാണ്. മണിമലയാർ പലതവണ കരകവിഞ്ഞൊഴുകി. ചരിത്രത്തിൽ ആദ്യമായി മണിമല ബസ് സ്റ്റാൻഡിൽ വരെ വെള്ളം കയറി. പമ്പ കവിഞ്ഞൊഴുകി പമ്പാവാലി, മൂക്കംപെട്ടി, കണമല, ഇടകടത്തി അടക്കം കിഴക്കൻ മേഖലകളിൽ വൻ നാശമുണ്ടായി. ഗതാഗത സംവിധാനങ്ങളും പൂർണമായി തകരാറിലായി. കെ.എസ്.ആർ.ടി.സി സർവിസ് താളംതെറ്റി. പലയിടത്തും സ്വകാര്യ ബസുകൾ സർവിസ് അവസാനിപ്പിച്ചു. െട്രയിൻ ഗതാഗതംകൂടി നിലച്ചത് യാത്രദുരിതം ഇരട്ടിപ്പിച്ചു. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന തോപ്പിൽകടവ് പാലം കനത്തമഴയിൽ ഒലിച്ചുപോയി. ഇവിടെയും ഗതാഗം ഭാഗികമായി തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.