പുന്നമടയിൽ ട്രയൽ തുടങ്ങി: ആവേശതീരത്ത് ആയിരങ്ങൾ

ആലപ്പുഴ: ദുരിതമേഖലയിൽ വെള്ളമിറങ്ങിത്തുടങ്ങിയതോടെ പുന്നമടയിൽ വള്ളംകളിക്കുള്ള ട്രയൽ തുടങ്ങി. ആയിരങ്ങളാണ് ക്ലബുകളുടെ തുഴച്ചിൽ കാണാൻ പുന്നമടയിൽ വൈകുന്നേരങ്ങളിൽ തമ്പടിക്കുന്നത്. സ്റ്റാർട്ടിങ് പോയൻറ് മുതൽ ഫിനിഷിങ് പോയൻറ് വരെ പരിശീലനത്തുഴച്ചിൽ കാണാനെത്തുന്നവർക്കൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്കും കൂടിയിട്ടുണ്ട്. സുരക്ഷയിൽ വിട്ടുവീഴ്ചയില്ല ഇക്കുറി സുരക്ഷ ക്രമീകരണത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നാണ് എൻ.ടി.ബി.ആർ സൊസൈറ്റിയുടെ നിലപാട്. ഇതനുസരിച്ച് 2000 പൊലീസുകാരെയാണ് വള്ളംകളിക്ക് നിയോഗിക്കുന്നത്. ഇപ്പോൾതന്നെ പവിലിയനുകളിലും മറ്റും പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 15 സംഘങ്ങളായാകും സേനയുടെ പ്രവർത്തനം. ഓരോ പവിലിയനിലെ പ്രവേശനകവാടത്തിലും പാസ് പരിശോധിച്ച് ആളെ കയറ്റാൻ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കാൻ പൊലീസുണ്ടാകുമെന്ന് ഡിവൈ.എസ്.പി പി.വി. ബേബി പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ കർശന സുരക്ഷയാണ് ലക്ഷ്യം. വെള്ളത്തിലെ സുരക്ഷക്ക് സ്‌കൂബാ സംഘം വെള്ളത്തിൽ സുരക്ഷയൊരുക്കാൻ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘമുണ്ടാകും. അഞ്ച് സംഘങ്ങളായാകും ഇവരെ നിയോഗിക്കുക. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ 10 ലൈഫ് ഗാർഡുകളും സേവനസന്നദ്ധരായുണ്ടാകും. മത്സരം നടക്കുന്ന ട്രാക്കിലും പുറത്തും ഇവരുടെ സേവനമുണ്ടാകും. സർവസജ്ജമായി ചികിത്സസംഘം ഐ.സി.യു ആംബുലൻസ് ഉൾെപ്പടെയുള്ള സർവസന്നാഹങ്ങളുമുള്ള ചികിത്സ സംഘവും തയാറായിട്ടുണ്ട്. സ്റ്റാർട്ടിങ് പോയൻറ്, ഫിനിഷിങ് പോയൻറ് എന്നിവിടങ്ങളിലും കായലിലും കരയിലും ചികിത്സ സംഘത്തി​െൻറ സേവനം കിട്ടും. രക്ഷാസേനയും ജല ആംബുലൻസും സംഘത്തോടൊപ്പമുണ്ടാകും. കൂടുതൽ സർവിസുകൾ വള്ളംകളി ദിവസം ജില്ല ആസ്ഥാനത്തുനിന്ന് വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തും. ചങ്ങനാശ്ശേരി, ചേർത്തല, വൈക്കം, കോട്ടയം, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിലേക്കാണ് കൂടുതൽ സർവിസ് നടത്തുക. ഉച്ചക്കുശേഷം വരുന്ന ലോക്കൽ സർവിസുകൾ ഇതിന് ക്രമീകരിക്കും. ജലഗതാഗത വകുപ്പ് അഞ്ച് ബോട്ടുകൾ കൂടുതലായി സർവിസ് നടത്തും. ഇത്തവണ പൊലീസ്, റവന്യൂ അധികൃതരുടെ അകമ്പടിയോടെയായിരിക്കും ജലനൗകകളുടെ സേവനം. വകുപ്പി​െൻറ പക്കലുള്ള നാല് ജല ആംബുലൻസും സേവനത്തിനുണ്ടാകും. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയുണ്ടാകും. വളൻറിയർമാരുടെ പരിശീലനം തുടങ്ങി വള്ളംകളി നടത്തിപ്പിൽ പ്രഫഷനലിസം നടപ്പാക്കുന്നതി​െൻറ ഭാഗമായി അഞ്ചുനിറങ്ങളിലുള്ള വളൻറിയർമാരെയാണ് ഇക്കുറി നിയോഗിക്കുന്നത്. ഇവർക്കുള്ള പരിശീലനത്തിന് ശനിയാഴ്ച തുടക്കമായി. വിവിധ കോളജുകളിൽനിന്നുള്ള എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തകരാണ് സന്നദ്ധസേവകരായി രംഗത്തുണ്ടാകുക. ആദ്യമായാണ് വള്ളംകളി നടത്തിപ്പിൽ കാണികൾക്കായി ഇത്രയും ചിട്ടയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.