വികസന വേഗം കൂട്ടി തൊടുപുഴ; നഗരസഭയിൽ ഒരുകോടിയുടെ വികസന പ്രവൃത്തിക്ക്​​ തുടക്കം

തൊടുപുഴ: നഗരത്തിൽ ആധുനിക ശുചിമുറി, ക്രിമറ്റോറിയം നവീകരണം, ബസ് സ്റ്റാൻഡ് പ്രവേശന കവാടം, ഗാന്ധി സ്ക്വയർ നവീകരണം തുടങ്ങി നഗരത്തി​െൻറ മുഖഛായ തന്നെ മാറുന്ന വിധത്തിലുള്ള ഒരുകോടിയുടെ വികസന പ്രവൃത്തികൾക്ക് തുടക്കം. തൊടുപുഴ നഗരത്തിലെത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് ശുചിമുറികളുടെ അഭാവം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കുളിമുറി, സാധനങ്ങൾ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം, വസ്ത്രം മാറുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഉൾപ്പെടുത്തി ശുചിമുറി തയാറാകുന്നത്. 24 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിരുന്നത്. രണ്ട് നിലകളിലായാണ് കെട്ടിട നിർമാണം. തൊടുപുഴ നഗരസഭ പാർക്കിനോട് ചേർന്നാണ് ശുചിമുറി നിർമാണം പുരോഗമിക്കുന്നത്. മെയിൻ റോഡിൽനിന്നും പാർക്കിൽനിന്നും ശുചിമുറിയിലേക്ക് പ്രവേശന കവാടങ്ങൾ ഉണ്ടാകും. കൂടാതെ നഗരസഭയിലെ ആധുനിക ക്രിമറ്റോറിയത്തി​െൻറ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ക്രിമറ്റോറിയത്തിന് പുതിയ ഫർണസ് വാങ്ങാൻ 16 ലക്ഷവും അനുബന്ധ പ്രവൃത്തികൾക്ക് 24 ലക്ഷവുമാണ് ചെലവഴിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ഇത് അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫർണസ് വാങ്ങാൻ നഗരസഭ തീരുമാനിച്ചത്. ഇത് കൂടാതെ ക്രിമറ്റോറിയത്തിൽ ടൈൽ പാകി വാഹനങ്ങൾക്കും മറ്റും കയറാനുള്ള സൗകര്യം, ടോയ്ലറ്റ് സംവിധാനം എന്നിവയും ഏർപ്പെടുത്തും. രണ്ട് മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാകുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഗാന്ധി സ്ക്വയർ നവീകരണത്തിന് ഏഴുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവിടത്തെ ഗാന്ധിപ്രതിമക്ക് ചുറ്റും സ്റ്റീൽ വളയങ്ങൾ സ്ഥാപിച്ചും ടൈലുകൾ പാകിയും മനോഹരമാക്കും. കൂടാതെ കോതായിക്കുന്ന് ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ആർച്ച് സ്ഥാപിക്കുന്നതിന് ഏഴുലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗരോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് വൈദ്യുതി ബോർഡിന് നൽകി പകരം വാങ്ങുന്ന വൈദ്യുതിയുടെ ചെലവ് ഗണ്യമായി കുറക്കാനും നഗരസഭ തീരുമാനിച്ചു. 30 ലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. ഇതി​െൻറ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭ ടൗൺ ഹാളിന് മുന്നിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. ഇനി മുനിസിപ്പൽ ഒാഫിസിന് മുകളിലാണ് പാനൽ സ്ഥാപിക്കുക. എല്ലാ നിർമാണ പ്രവർത്തനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. കീടനാശിനി പ്രയോഗം; തോട്ടം മേഖലയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു അടിമാലി: ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ എന്‍ഡോസള്‍ഫാനെ വെല്ലുന്ന കീടനാശികള്‍ പ്രയോഗിക്കുന്നത് മൂലം രോഗബാധിരുടെയും എണ്ണം കൂടുന്നു‍. തോട്ടം മേഖലയില്‍ ജനിക്കുന്ന നവജാത ശിശുക്കളില്‍ 20 ശതമാനത്തോളം അംഗവൈകല്യവും മറ്റ് ശാരീരിക വിഷമതകളോടെയുള്ളവരുമാണെന്നാണ് വിവരം. കൂടാതെ പലയിടത്തും അർബുദ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. അടുത്തിടെ ആരോഗ്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും നടത്തിയ സര്‍വേയിൽ പീരുമേട് താലൂക്കിലടക്കം അർബുദ ബാധിതർ കൂടുന്നതായാണ് പഠനം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലാണ് തൊട്ടുപിന്നിൽ. കീടനാശിനകളുടെയും കളനാശിനികളുടെയും പ്രയോഗം മൂലം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. എന്നാല്‍, വന്‍കിട തോട്ടം ഉടമകളുടെ സമ്മര്‍ദം മൂലം ഇതുവരെ സര്‍വേ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രാദേശികതലത്തില്‍ പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും നേരേത്ത നടത്തിയ പല പഠനങ്ങളിലും ഇടുക്കിയില്‍ അർബുദവും ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളും ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന കണ്ടെത്തലുണ്ട്. കീടനാശിനി പ്രയോഗിക്കുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, രാജകുമാരി, ബൈസണ്‍വാലി, പള്ളിവാസല്‍, വട്ടവട, സേനാപതി പഞ്ചായത്ത് പരിധികളില്‍ പലയിടത്തും ബുദ്ധിമാന്ദ്യം അടക്കം വൈകല്യമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായും വിവരമുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് എന്‍ഡോസള്‍ഫാന്‍പോലുള്ള വീര്യം കൂടിയ കീടനാശിനികള്‍ ഇപ്പോഴും മറ്റ് പല ലേബലുകളിലായി എത്തുന്നുണ്ടെന്നാണ് വിവരം. മറ്റ് കീടനാശികളെ അപേക്ഷിച്ച് ഗുണമേന്മ കൂടുതലും പണം മുടക്ക് കുറവും എന്നതാണ് പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ തോട്ടങ്ങളില്‍ തളിക്കാന്‍ ഇത് കൊണ്ടുവരുന്ന ഉടമകളുടെ ആകര്‍ഷണം. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ വന്‍ ശേഖരം തന്നെ പിടിച്ചെടുത്തിരുന്നു. കീടനാശിനി തളിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍പോലും ഒരുക്കാന്‍ ഉടമകള്‍ തയാറാകുന്നില്ല. പതിറ്റാണ്ടുകളായി തോട്ടങ്ങളില്‍ ഈ ജോലി ചെയ്യുന്നവരും ഇതിനകം ജോലിയില്‍നിന്ന് പിരിഞ്ഞവരുമായ തൊഴിലാളികളില്‍ പലരും ഇപ്പോള്‍ വിവിധ രോഗങ്ങള്‍ക്ക് അടിമകളാണ്. തോട്ടങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് മാനേജ്‌മ​െൻറ് സൗജന്യ ചികിത്സ സൗകര്യം അനുവദിക്കുക. രോഗിയായി തോട്ടത്തില്‍നിന്ന് പിരിയേണ്ടി വരുന്നവരുടെ കാര്യം പിന്നീട് ആരും തിരിഞ്ഞ് നോക്കുന്നതേയില്ല. തോട്ടങ്ങളിൽ ഇപ്പോഴും പ്രയോഗത്തിലുള്ള കീടനാശിനികളും കളനാശികളും പരിശോധിക്കാന്‍ പര്യാപ്തമായ സംവിധാനം ഇല്ലെന്നതാണ് ദോഷഫലങ്ങള്‍ ഏറെയുള്ള മരുന്നുകള്‍ മടിയില്ലാതെ പ്രയോഗിക്കാന്‍ ഉടമകള്‍ക്ക് ധൈര്യം പകരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.